ഷിരൂര്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കണ്ടെത്താന്‍ സൈന്യമെത്തുന്നു. നാളെ രാവിലെ മുതല്‍ തിരച്ചില്‍ ദൗത്യം സൈന്യം ഏറ്റെടുക്കും. കര്‍ണാടക ഉപമുഖ്യമന്ത്രി എം.കെ.രാഘവന്‍ എം.പിയെ അറിയിച്ചതാണിത്. തിരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അര്‍ജുന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. 

അതിനിടെ, ഷിരിരൂരിൽ അപകടത്തിൽ പെട്ട ലോറി ഉടമ മനാഫിന് നേരെ പൊലീസിന്റെ കയ്യേറ്റമുണ്ടായി. ഇത്തരം രക്ഷാ ദൗത്യങ്ങളിൽ പങ്കെടുത്തു പരിചയമുള്ള  രഞ്ജിത് ഇസ്രായേലിനെ എത്തിച്ചത്  സംബന്ധിച്ച തർക്കമാണ് മർദനത്തിന് കാരണം. കാർവാർ എസ്.പി മനഫിന്റെ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു എന്നും പരാതി.

റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ച മൂന്നിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. നനഞ്ഞ് ചെളിനിറഞ്ഞ മണ്ണും പുതിയ ഉറവകളും രക്ഷാശ്രമത്തിന് തിരിച്ചടിയാണ്. അര്‍ജുനടക്കം 3 പേരാണ് മണ്ണിനടിയിലുള്ളത്.   രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രി എച്ച്.‍ഡി.കുമാരസ്വാമി ഷിരൂരിലെത്തി. നിലവില്‍ സൈന്യമെത്തേണ്ട സാഹചര്യമില്ലെന്നും കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു.  കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഷിരൂരിലെ അപകടസ്ഥലത്തെത്തും. ഉത്തര കന്നഡ ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.  

ഷിരൂർ രക്ഷാപ്രവർത്തനത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെടുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നു. കുടുംബാംഗങ്ങളുമായി സംസാരിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് കൊല്ലത്ത് പറഞ്ഞു. 

തിരച്ചിലിന്‍റെ അഞ്ചാം ദിവസവും അർജുൻ ആപത്തില്ലാതെ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കണ്ണാടിക്കലിലെ കുടുംബം. അപകടം വിവരമറിഞ്ഞയുടൻ അങ്കോല പൊലീസിനെ ബന്ധപ്പെട്ടിട്ടും കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്ന് അർജുന്‍റെ സഹോദരി അഞ്ജു മനോരമ ന്യൂസിനോട് പറഞ്ഞു. രക്ഷാപ്രവർത്തനത്തിലെ വീഴ്ച്ച പിന്നീട് ചർച്ച ചെയ്യാമെന്ന് മന്ത്രി എ കെ ശശീന്ദ്രനും പ്രതികരിച്ചു.

വീടിന്‍റെ അത്താണിയാണ് അഞ്ചാം ദിവസവും മണ്ണിനടിയിൽ. ചെറുപ്രായത്തിൽ തന്നെ ജോലിക്ക് ഇറങ്ങി  കുടുംബം കര പിടിച്ച അർജുൻ തിരിച്ചു വരുമെന്നാണ് എല്ലാവരുടെയുടെ  പ്രതീക്ഷ. കാരണം അയാൾ പോരാളിയാണ്. രക്ഷപ്രവർത്തനം ഊർജിതമാകുമ്പോഴും, ആദ്യത്തെ മെല്ലപ്പോക്കിലാണ് കുടുംബത്തിന്‍റെ സങ്കടം. ഒരു ഡിവൈഎസ്പിയടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ഏകോപിക്കുന്നുന്നുണ്ടെന് വനം മന്ത്രി എ കെ ശശീന്ദ്രൻ.

രക്ഷാ ദൗത്യത്തിനായി എല്ലാ വിദഗ്ദ്ധരും അപകടസ്ഥലത്ത് എത്തിയെന്നും   കർണ്ണാടക സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നതായും  ചീഫ് സെക്രട്ടറി വി. വേണുവും പറഞ്ഞു. സർക്കാർ പ്രതിനിധികൾ അർജുന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് അങ്കോലയിലെ രക്ഷാപ്രവർത്തന വിവരങ്ങൾ  അറിയിക്കുന്നുണ്ട്. 

ഭാരത് ബെൻസിന്റെ 12 വീൽ ട്രക്കിന്റെ ഏറ്റവും പുതിയ മോഡലാണ് അർജുൻ ഓടിച്ചിരുന്നത്. വിശാലമായ ക്യാബിൻ റൂം ആണ് വാഹനത്തിന്റെ പ്രത്യേകത. ക്ലീനർ ഇല്ലാതെ ഒറ്റയ്ക്ക് ഓടിച്ച് പോകാൻ കഴിയുന്നതടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ അർജുൻ ജീവനോടെ മടങ്ങി വരുമെന്ന പ്രതീക്ഷയ്ക്ക് ബലം നല്‍കുന്നതാണ്.   

ENGLISH SUMMARY:

Karnataka landslide