കൃത്യമായ മുന്നറിയിപ്പ് നൽകാതെ കുണ്ടന്നൂർ-തേവര പാലം അടച്ചതിൽ വലഞ്ഞ് യാത്രക്കാർ. പാലത്തിനു സമീപം എത്തിയപ്പോൾ മാത്രമാണ് വഴി തിരിച്ചു വിടുന്നതായി അറിയുന്നത്. അശാസ്ത്രീയമായാണ് കുഴികൾ അടയ്ക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.
ഇന്നലെ രാത്രിയാണ് അറ്റകുറ്റപ്പണിക്കായി പാലം അടയ്ക്കുന്ന വിവരം ദേശീയപാത അതോറിറ്റി സ്ഥിരീകരിക്കുന്നത്. മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്താനായിരുന്നു തീരുമാനം. എന്നാൽ നേരത്തെ വിവരം അറിയിച്ചിരുന്നുവെങ്കിൽ, വാഹന യാത്രക്കാർക്ക് ഉണ്ടാക്കുന്ന ഈ ബുദ്ധിമുട്ട് അല്പം കുറയ്ക്കാമായിരുന്നു. രാവിലെ പാലം കടക്കാൻ എത്തിയപ്പോഴാണ് പലരും അറ്റകുറ്റപ്പണിയുടെ കാര്യം അറിയുന്നത്. എതിർപ്പ് വകവയ്ക്കാതെ ഇരുചക്ര വാഹന യാത്രക്കാർ പാലത്തിലൂടെ മറുകര എത്തി. റീടാറിങ് നടത്താതെ കുഴികൾ മാത്രം അടയ്ക്കുന്നതിനെ നാട്ടുകാരും ചോദ്യം ചെയ്തു.
ചൊവ്വാഴ്ച രാവിലെ 8 മണിയോടെ പാലം തുറന്നു കൊടുക്കും. തൃപ്പൂണിത്തുറയിൽ നിന്ന് തേവരയിലേക്കും തിരിച്ചുമുള്ള യാത്രക്കാർ എം.ജി റോഡ്, സഹോദരൻ അയ്യപ്പൻ റോഡ്, വൈറ്റില എന്നീ ഭാഗങ്ങളിലൂടെയാണ് പോകേണ്ടത്. വഴിതിരിച്ചുവിടാൻ പോലീസിന്റെ മേൽനോട്ടവുണ്ട്.