നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതിനിടെ കൂടുതൽ ഫലങ്ങൾ നെഗറ്റീവ് ആകുന്നത് ആശ്വാസം. സമ്പർക്കമുള്ള 19 പേരുടെ സാമ്പിളുകൾ കൂടി ഇന്ന് പരിശോധിക്കും. പാണ്ടിക്കാട് ആനക്കയം പഞ്ചായത്തുകളിൽ നിരീക്ഷണം തുടരുകയാണ്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അതിർത്തികളിൽ തമിഴ്നാട് നടത്തുന്ന പരിശോധന തെറ്റായ സമീപനമാണെന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
നിലവിൽ 406 പേരാണ് നിരീക്ഷണത്തിലുള്ളത് ഇതിൽ 194 പേർ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഇന്ന് 19 പേരുടെ പരിശോധനാഫലം കൂടി പുറത്തു വരും. ഫലങ്ങൾ നെഗറ്റീവ് ആകുന്നു എന്നതുകൊണ്ട് നിയന്ത്രണങ്ങളിൽ അയവ് വരുത്തൻ ആവില്ലെന്നും പൊതുജനങ്ങൾ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.
വവ്വാലുകളെ നിരീക്ഷിക്കുന്നതിന് ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലയിൽ എത്തിയിട്ടുണ്ട്. ഇന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് വവ്വാലുകളുടെ സാമ്പിൾ ശേഖരിക്കും.
അതേസമയം സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ തമിഴ്നാട് പരിശോധന കർശനമാക്കിയിരുന്നു. ഇത് തെറ്റായ സമീപനമാണെന്നും തമിഴ്നാട് സർക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
നിപ സംബന്ധിച്ചു സമൂഹമാധ്യമങ്ങൾ വഴി തെറ്റായ പ്രചരണം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. അത്തരക്കാർക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെയും സൈബർ നിയമത്തിലെയും വകുപ്പുകൾ ചുമത്തി നടപടിയെടുക്കാനും ജില്ലാ പോലീസ് മേധാവി അറിയിച്ചു.