hema-commission-report
  • സ്വകാര്യത ഹനിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി
  • 62 പേജുകളാണ് നീക്കം ചെയ്തത്
  • നടപടി വിവരാവകാശ കമ്മിഷന്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍

മലയാള സിനിമാലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്നു സർക്കാർ പുറത്തുവിടും. മൊഴികളടക്കമുള്ള, സ്വകാര്യത ഹനിക്കുന്നെന്നു കണ്ടെത്തിയ 62 പേജ് ഒഴിവാക്കിയാണ്  പുറത്തു വിടുന്നത്. വിവരാവകാശ കമ്മിഷന്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി.

സാംസ്കാരിക വകുപ്പ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി റിപ്പോർട് പരിശോധിച്ച ശേഷമാണ് 295 പേജുകളില്‍ 62 പേജുകള്‍ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടാൻ തീരുമാനിച്ചത്. ഒഴിവാക്കുന്ന പേജുകള്‍ നിയമവകുപ്പും പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അന്തിമ തീരുമാനത്തിലെത്തിയത്. ഒഴിവാക്കിയ ഭാഗങ്ങള്‍ കൂടുതലും നടിമാരും സാങ്കേതിക പ്രവർത്തകരും ഉൾപ്പെടെ നൽകിയ മൊഴികളാണ്.  ഇവര്‍ കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത് പുറത്തു പോകരുതെന്ന നിബന്ധനയോടെയാണെന്നും , അതുകൊണ്ടു തന്നെ സര്‍ക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നു റിപ്പോര്‍ട് കൈമാറുമ്പോള്‍ ജസ്റ്റിസ്  ഹേമ സര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.  

പരാതികളിലും മൊഴികളിലും വസ്തുപരമായി പരിശോധന നടത്തിയിട്ടില്ലെന്നും അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലെ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളുവെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനായി മൊഴികള്‍ ഒപ്പം ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പൂര്‍ണമായി ഒഴിവാക്കുമ്പോള്‍ പേജുകളിലെ ഖണ്ഡിക മാത്രമായും ഒഴിവാക്കുന്നുണ്ട്.  സിനിമാ ഷൂട്ടിങ് ലൊക്കേഷനുകള്‍, അനുബന്ധ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് ഹൈക്കോടതിയില്‍ വിരമിച്ച ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിഷനെ നിയോഗിച്ചത്.

ENGLISH SUMMARY:

Kerala govt to release Hema commission report today. The commission report, compiled by a panel headed by Justice K Hema, studied the issues faced by women in the Malayalam film industry.