neyyattinkara-krishna

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവെയ്പിനു പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സംരക്ഷിക്കാൻ ശ്രമം തുടരുകയാണെന്ന് കുടുംബം. ആരോപണവിധേയനായ ഡോക്ടറെയും ആശുപത്രി സൂപ്രണ്ടിനെയും മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് യുവതിയുടെ ഭർത്താവ് ശരത്ത് ആവശ്യപ്പെട്ടു. അതേസമയം, ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് കുടുംബത്തിന്‍റെ മൊഴിയെടുത്തു.  

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെയാണ് 28 വയസുള്ള കൃഷ്ണ തങ്കപ്പൻ മരിച്ചത്. കൃഷ്ണയുടെ ഒന്നര വയസുള്ള മകളുമായി ഭർത്താവ് ശരത്ത് ഇന്നലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന് മുൻപാകെ ഹാജരായി. മൊഴിയെടുപ്പ് നാലുമണിക്കൂറിലേറെ തുടർന്നു. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നൽകിയ കുത്തിവയ്പ്പിന് പിന്നാലെയാണ് കൃഷ്ണ അബോധാവസ്ഥയിലായത്. പിഴവ് സംഭവിച്ച ഡോക്ടർ വിനുവിനെതിരെ പ്രാഥമിക അച്ചടക്കനടപടി പോലും സ്വീകരിച്ചിട്ടില്ല.

മെഡിക്കല്‍ രേഖകളിൽ ഡോക്ടര്‍മാര്‍ കൃത്രിമം നടത്തിയെന്ന് തെളിയിക്കുന്ന രേഖകൾ കുടുംബം മെഡിക്കൽ ബോർഡിന് നൽകി. ആരോപണവിധേയനായ ഡോക്ടർ ഉൾപ്പെടെ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് സ്റ്റാഫംഗങ്ങളുടെയും മൊഴിയും പിന്നാലെ രേഖപ്പെടുത്തി. രണ്ടു ഭാഗത്തിന്റെയും മൊഴി രേഖപ്പെടുത്തിയ ഡി.എം.ഒ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നാളെ റിപ്പോർട്ട് സമർപ്പിച്ചേക്കും. 

 
ENGLISH SUMMARY:

No action against the accused doctor took place in Neyyattinakara woman death case.