mammootty-riyas-birthday-gift

ഇന്ന് പിറന്നാളാഘോഷിക്കുന്ന മലയാളികളുടെ പ്രിയതാരം മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്.  മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പിനെ പ്രത്യേക ടൂറിസം ഗ്രാമമാക്കി മാറ്റുന്നതാണ് സര്‍ക്കാരിന്‍റെ പുതിയ പദ്ധതി. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് മമ്മൂട്ടിക്കുള്ള ഈ ജന്മദിന സമ്മാനം പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

ടൂറിസം മിഷന്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നായിട്ടാണ് ചെമ്പ് തിരഞ്ഞെടുത്തത്.  ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമമാണിതെന്നും ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. പ്രദേശവാസികള്‍ക്ക് ആവശ്യമായ പരിശീലനവും നടത്തി വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.  

മുഹമ്മദ് റിയാസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപമിങ്ങനെ;

ശ്രീ. മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ, 

ഒപ്പം ടൂറിസം വകുപ്പിൻ്റെ 

പിറന്നാൾ സമ്മാനവും.. 

നമുക്കെല്ലാം അറിയുന്നത് പോലെ പ്രിയപ്പെട്ട മമ്മൂട്ടിയുടെ  ജന്മസ്ഥലമാണ് ചെമ്പ്. അദ്ദേഹത്തിൻ്റെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ ടൂറിസം വകുപ്പ് തീരുമാനിച്ച വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. 

ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ  സ്ത്രീസൗഹാർദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കുന്ന കേരളത്തിലെ 14 പഞ്ചായത്തുകളിൽ ഒന്നാണ് ചെമ്പ്. ഗ്രാമീണ വിനോദസഞ്ചാര സാധ്യതകളെ മികച്ച നിലയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന വളരെ മനോഹരമായ ഒരു ഗ്രാമം. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ വില്ലേജ് ലൈഫ് എക്സിപീരിയൻസ് ടൂർ പാക്കേജുകൾ തയ്യാറാക്കി സഞ്ചാരികളെ ചെമ്പിലേക്ക് കൊണ്ടുവരുന്ന പ്രവർത്തനം നടന്നുവരുന്നുണ്ട്.  പ്രദേശവാസികൾക്ക് ആവശ്യമായ പരിശീലനം നൽകികഴിഞ്ഞു. ബാക്ക് വാട്ടർ ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാണ് ചെമ്പ്.