adoor-bridge

TOPICS COVERED

പാലം വരേണ്ടത് നാട്ടുകാരുടെ ആവശ്യം, പക്ഷേ പേരു വരേണ്ടതോ? നല്ല രസികന്‍ വിവാദം നടക്കുകയാണ് കണ്ണൂരിലെ അഡൂരില്‍. നാട്ടുകാര്‍ കാത്തിരുന്ന് കാത്തിരുന്ന് പാലം വരുമ്പോള്‍ 'പേരിന്‍റെ' പേരില്‍ രണ്ട് ശിലാസ്ഥാപനം പ്രഖ്യാപിച്ചിരിക്കുകയാണ് എംഎല്‍എമാര്‍. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍–തളിപ്പറമ്പ് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന അഡൂര്‍ക്കടവ് പുഴയില്‍ വരാനിരിക്കുന്ന പാലത്തെ ചൊല്ലിയാണ് പുതിയ വിവാദം. 

 

"തളിപ്പറമ്പ് മണ്ഡലത്തിന്‍റെ ഭാഗമായ അഡൂരില്‍ ഈ മാസം 29ന് രാവിലെ പത്തിന് എംവി ഗോവിന്ദന്‍ എംഎല്‍എ തറക്കല്ലിടുന്നു". ഈ പോസ്റ്റര്‍ പുറത്തുവന്നതോടെ ഇക്കരെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ എതിര്‍ ശബ്ദം. ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫുള്ളപ്പോള്‍ ബ്ലോക്ക് പ്രസിഡന്‍റിനെ ചടങ്ങില്‍ അധ്യക്ഷനാക്കാമോ എന്ന്..

മുഖ്യാതിഥിയാക്കി എംഎല്‍എയെ ചെറുതാക്കിയെന്നും ആക്ഷേപം. ഇതോടെ മറ്റൊരു പോസ്റ്റര്‍ ഇറങ്ങി. "പുഴയുടെ മറുകരയായ ചെങ്ങളായിയില്‍ പാലം പണിയുടെ ജനകീയ ഉദ്ഘാടനം പത്തുമണിയ്ക്ക് സജീവ് ജോസഫ് നിര്‍വഹിക്കുന്നു "

രണ്ട് ഭാഗത്തെയും പരിപാടി ഒരേ സമയമാണ്. രാവിലെ 10 മണിക്ക് അക്കരെ എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ ഇക്കരെ സജീവ് ജോസഫിന്‍റെ വക ഉദ്ഘാടനം. സജീവ് ജോസഫിന്‍റേത് രാഷ്ട്രീയക്കളിയെന്ന് തിരിച്ചടിച്ച് അധ്യക്ഷനായി നിശ്ചയിക്കപ്പെട്ട ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡന്‍റും.  ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ എംഎല്‍എ ആയിരുന്ന കെ.സി ജോസഫാണ് പാലത്തിനായി ശ്രമം തുടങ്ങിയിരുന്നത്. പിന്നീട് ഒന്നാം പിണറായി സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും പണി പലകാരണങ്ങളാല്‍ നീണ്ട് ഒടുവില്‍ തുടങ്ങാന്‍ നോക്കുമ്പോഴാണ് അടുത്ത കല്ലുകടി.