കണ്ണൂർ ഇരിക്കൂർ യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ടി.പി. ജസീർ ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി. ശ്രീകണ്ഠാപുരം കോട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ വയറു വേദനയെ തുടർന്ന് എത്തിയ യുവാവിന് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ മരണം സംഭവിച്ചു എന്നാണ് ആരോപണം. എന്നാൽ പോസ്റ്റുമോട്ടത്തിൽ മരണകാരണം വ്യക്തമായിട്ടില്ല.
22 കാരനായ ജസീർ നാട്ടിലെ സജീവ പൊതുപ്രവർത്തകനായിരുന്നു. ഇന്നലെ പുലർച്ചെ ആശുപത്രിയിലേക്ക് എത്തിയ ജസീറിന് ഇഞ്ചക്ഷൻ നൽകി 10 മിനിറ്റിനകം മരിച്ചുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്. ഗുരുതര ചികിത്സാ പിഴവ് എന്നാണ് ആരോപണം
സംസാരിച്ചു കൊണ്ട് ആശുപത്രിയിലേക്ക് നടന്നു പോയ യുവാവ് പത്ത് മിനിറ്റിനകം മൃതശരീരമായി പുറത്ത് വന്നു എന്നാണ് ഒപ്പമുണ്ടായിരുന്നവർ ചൂണ്ടിക്കാട്ടുന്നത്. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താനാവാത്തിനെ തുടർന്ന് ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, ചികിത്സ പിഴവ് സംഭവിച്ചിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് ഉണ്ടായതെന്നും അധികൃതർ അറിയിച്ചു. എന്നാൽ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പൊലീസിനെയും ആരോഗ്യവകുപ്പിനെയും സമീപിക്കാനാണ് യൂത്ത് കോൺഗ്രസിന്‍റെ നീക്കം.