ആഗ്രയെയും ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന, അടുത്തിടെ ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ഓടിക്കാനുള്ള അവകാശത്തെച്ചൊല്ലി ലോക്കോ പൈലറ്റുമാർ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍. രാജസ്ഥാനിലെ ഗംഗാപൂർ സിറ്റി ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ചയാണ് സംഭവം. ആഗ്ര, കോട്ട ഡിവിഷനുകളിലെ ജീവനക്കാരാണ് തമ്മിലടിച്ചത്. ലോക്കോ പൈലറ്റിനും സഹായിക്കും മർദ്ദനമേറ്റതായും റിപ്പോര്‍ട്ടുണ്ട്.
ഗംഗാപൂർ ജീവനക്കാർ ആഗ്ര ലോക്കോ പൈലറ്റിനോടും സഹായിയോടും ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ഇത് നിരസിക്കുകയും എന്‍ജിന്‍ ക്യാബിന്‍റെ വാതില്‍ ഉള്ളിൽ നിന്ന് പൂട്ടുകയും ചെയ്തു. ഇതോടെ ജീവനക്കാർ വാതിലിലെ ചില്ല് തകർത്ത് ട്രെയിനില്‍ പ്രവേശിച്ചു. വാതിലിന്‍റെ പൂട്ട് തകർത്ത് വാതിൽ തുറക്കുകയായിരുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എക്‌സ് ഉപയോക്താവ് സച്ചിൻ ഗുപ്തയാണ് വിഡിയോ പുറത്തുവിട്ടത്. ട്രെയിനിലേക്ക് പ്രവേശിക്കാനായി ജീവനക്കാര്‍ പരസ്പരം ഉന്തുന്നതും തള്ളുന്നതും വിഡിയോയില്‍ കാണാം. മൂന്നുപേര്‍ ട്രെയിനില്‍ കയറുകയും അകത്ത് നിന്ന് വാതിൽ തുറക്കുകയും ചെയ്യുന്നു. ഇതോടെ മറ്റുള്ളവരും ട്രെയിനിലേക്ക് കയറുന്നു. ട്രെയിൻ നിയന്ത്രിച്ചിരുന്ന ലോക്കോ പൈലറ്റിനെയും സഹായിയെയും ബലമായി പുറത്താക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘർഷാവസ്ഥ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
‘ഈ യുദ്ധം ട്രെയിനിൽ സീറ്റ് കിട്ടാൻ വേണ്ടിയല്ല. വന്ദേഭാരത് ഓടിക്കാൻ പരസ്പരം പോരടിക്കുന്ന ലോക്കോ പൈലറ്റുമാരാണിവര്‍. ആഗ്രയ്ക്കും ഉദയ്പൂരിനുമിടയിൽ ട്രെയിൻ ആരംഭിച്ചിട്ടേയുള്ളൂ. വെസ്റ്റേൺ-സെൻട്രൽ റെയിൽവേ, നോർത്ത്-വെസ്റ്റേൺ, നോർത്തേൺ റെയിൽവേ എന്നിവ തങ്ങളുടെ ജീവനക്കാരോട് ട്രെയിൻ ഓടിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് മേഖലകളിലെയും ജീവനക്കാർ ഇതിനായി ദിവസവും പരസ്പരം പോരടിക്കുകയാണ്. കാരണം, നല്ല ട്രെയിനുകൾ ഓടിച്ചാൽ മാത്രമേ ഇൻക്രിമെന്‍റും പ്രൊമോഷനും ലഭിക്കുകയുള്ളൂ’ സച്ചിന്‍ ഗുപ്ത എക്‌സിൽ കുറിച്ചു. സെപ്തംബർ 7 ന് പങ്കിട്ട വിഡിയോ ഇതിനകം 8,02,000-ലധികം ആളുകളാണ് കണ്ടത്. റെയിൽവേ മന്ത്രാലയത്തെ വിമർശിച്ച് നിരവധിപേരും രംഗത്തെത്തിയിട്ടുണ്ട്.