അര്‍ജുനുവേണ്ടിയുള്ള  തിരച്ചില്‍ പതിനൊന്നാം ദിനവും തുടരുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യങ്ങളിലൊന്നിന്‍റെ നാള്‍ വഴികള്‍ ഇങ്ങനെ.

ജൂലൈ 16ന് രാവിലെ എട്ടരയോടെയാണ് ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. പിന്നാലെ അര്‍ജുനെ ഫോണില്‍ കിട്ടാതായി. ജൂലൈ 17ന് ബന്ധുക്കള്‍ കോഴിക്കോട് ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി. ജൂലൈ 18ന് അപകടത്തില്‍ ഏഴുപേര്‍ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അര്‍ജുനെക്കുറിച്ച് വിവരം ലഭിച്ചില്ല. കേരളത്തിലെ മാധ്യമങ്ങളുടെ ഇടപെടലുകള്‍ക്കുപിന്നാലെ ജനപ്രതിനിധികളും സര്‍ക്കാരുകളും ഉണര്‍ന്നു. ജൂലൈ 19 മുതല്‍ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഷിരൂരില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.

ജൂലൈ 20ന് റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന തുടങ്ങി. ജൂലൈ 21ന് ദേശീയപാതയില്‍ ഇടിഞ്ഞ മണ്ണിനടിയില്‍ ലോറിയില്ലെന്ന് സ്ഥിരീകരിച്ചു. ജൂലൈ 22ന് തിരച്ചില്‍ പുഴയിലേക്ക് കേന്ദ്രീകരിച്ചു. ജൂലൈ 23ന് പുഴയില്‍ റഡാര്‍, സോണാര്‍ സിഗ്നല്‍ പരിശോധനകള്‍ നടത്തി. ജൂലൈ 24ന് ലോങ് ബൂം എക്സ്കവേറ്റര്‍ എത്തിച്ച് മണ്ണുനീക്കം ആരംഭിച്ചു. പിന്നാലെ ട്രക്കിന്റെ സ്ഥാനം കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു.

ജൂലൈ 25ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നാലാം പരിശോധനയില്‍ ലോറി അര്‍ജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ ഡ്രോണ്‍ പരിശോധനയിലും രാത്രി നടത്തിയ തെര്‍മല്‍ സ്കാനിങ്ങിലും മനുഷ്യസാന്നിധ്യം സ്ഥിരീകരിക്കാനായില്ല. 

ENGLISH SUMMARY:

Arjun Missing; Updates