മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലെ നിര്‍മാണങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് മാത്രം മൂന്ന് വര്‍ഷത്തിനിടെ ചെലവഴിച്ചത് ഒരു കോടി എണ്‍പത് ലക്ഷം രൂപ. കാലിത്തൊഴുത്തിന് 23 ലക്ഷവും ചാണകക്കുഴിക്ക് നാല് ലക്ഷത്തി നാല്‍പ്പതിനായിരം രൂപയും ചെലവഴിച്ചു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് ഏറ്റവും കൂടുതല്‍ തുകയുടെ നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത്.
ഉമ്മന്‍ചാണ്ടിയുടെ കാലം വരെ ആര്‍ക്കും കടന്ന് ചെല്ലാവുന്ന ഇടമായിരുന്നു ക്ളിഫ് ഹൗസെങ്കില്‍ പിണറായി വിജയനെത്തിയതോടെ അവിടം അതിസുരക്ഷാമേഖലയാക്കി പ്രവേശനം തടഞ്ഞു. ചില മുതലാളിമാര്‍ക്ക് മാത്രമാണ് അടുക്കള വരെ പ്രവേശനമെന്ന് ജില്ലാ കമ്മിറ്റികളില്‍ സഖാക്കന്‍മാരെ വരെ വിമര്‍ശിച്ച് തുടങ്ങി. ജനങ്ങള്‍ക്ക് പ്രവേശനമില്ലങ്കിലും കരാറുകാരും നിര്‍മാണതൊഴിലാളികളും നിത്യസന്ദര്‍ശകരെന്ന് വ്യക്തമാക്കുന്നതാണ് നിര്‍മാണ പ്രവൃത്തികളേക്കുറിച്ച് നിയമസഭയില്‍ വച്ച കണക്ക്. മുഖ്യമന്ത്രിയുടെ വസതിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പ് മാത്രം 2021 മുതല്‍ ചെലവഴിച്ച കണക്കാണ് വെളിപ്പെടുത്തിയത്. ആകെ ഒരു കോടി എണ്‍പത് ലക്ഷത്തി എണ്‍പത്തോരായിരം രൂപ. ഏറ്റവും കൂടുതല്‍ തുകയായത് സെക്യൂരിറ്റി ഗാര്‍ഡ് റൂം നിര്‍മിക്കാന്‍–തൊണ്ണൂറ്റിയെട്ട് ലക്ഷം. ഒരു നിലമാത്രമുള്ള വീട്ടില്‍ ലിഫ്റ്റ് വെക്കാന്‍ 17 ലക്ഷമാണ് ചെലവാക്കിയത്.
ലിഫ്റ്റ് വെച്ചപ്പോള്‍ പൈപ്പ് ലൈനുകളൊക്കെ മാറ്റാനായി അഞ്ച് ലക്ഷത്തി അറുപത്തൊരായിരം രൂപ വേറെയും. ലിഫ്റ്റിന് മാത്രമല്ല പശുക്കളെ സംരക്ഷിക്കാനും ലക്ഷങ്ങളുടെ കരുതലാണ് മുഖ്യമന്ത്രിക്ക്. കാലിത്തൊഴുത്തും സംരക്ഷണഭിത്തിയും 23 ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവാക്കിയപ്പോള്‍ ചാണകക്കുഴിക്കായി ഒഴുക്കിയത് നാല് ലക്ഷത്തി നാല്‍പതിനായിരം രൂപ. പുറമേ നിന്ന് നോക്കിയാല്‍ വെറും വെള്ള പെയിന്റാണങ്കിലും 12 ലക്ഷമാണ് പെയിന്റിങിന്റെ ചെലവ്. രണ്ട് ലക്ഷത്തി നാല്‍പ്പത്തി നാലായിരം മുടക്കി കപ് ബോര്‍ഡൊക്കെ വച്ച് അടുക്കള അടിപൊളിയാക്കിയപ്പോള്‍ രണ്ട് തവണയായി ശുചിമുറി സൂപ്പറാക്കാന്‍ എടുത്തത് രണ്ട് ലക്ഷത്തി തൊണ്ണൂറ്റയ്യായിരം രൂപ. ഇതെല്ലാം പൂര്‍ത്തിയായവയുടെ കണക്കാണ്. ബാക്കി ടെണ്ടര്‍ പുരോഗമിക്കുന്നു.