TOPICS COVERED

മണ്ഡല മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലദര്‍ശനത്തിന് സ്പോട് ബുക്കിങ് വീണ്ടും ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് സമവായമായില്ല. പ്രതിദിന ഭക്തരുടെ എണ്ണം കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഓരോദിവസത്തെ തിരക്ക് അനുസരിച്ച് സ്പോട് ബുക്കിങ് വീണ്ടും അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. 

കഴിഞ്ഞസീസണില്‍ തിരക്ക് നിയന്ത്രണാതീതമാകുകയും മലയകയറാന്‍  പോലും പലര്‍ക്കും അവസരം ലഭിക്കാതെ വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരക്ക് നിയന്ത്രിക്കാന്‍ പ്രതിദിന ഭക്തരുടെ എണ്ണം കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നത്.എന്നാല്‍ എത്രത്തോളം കുറയ്ക്കണമെന്ന കൃത്യമായ കണക്ക് മുന്നോട്ടുവച്ചിട്ടില്ല. വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി പ്രതിദിനം എണ്‍പതിനായിരം പേര്‍ക്കാണ് ദര്‍ശനാനുമതി. അത്രയും പേര്‍ എല്ലാദിവസം എത്തുന്നില്ലെന്നും തിരക്ക് കുറയുന്നതിന് ആനുപാതികമായി വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്യാത്തവര്‍ക്കും മലയകറാന്‍ അനുമതിനല്‍കണമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ഇതിന് മുന്‍വര്‍ഷങ്ങളിലേതുപോലെ  നിശ്ചിത ഇടങ്ങളില്‍ സ്പോട് ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തണം.

കഴിഞ്ഞസീസണില്‍ സന്നിധാനത്ത് തിരക്ക് നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് എരുമേലി, പമ്പ, നിലയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ തേങ്ങയുടച്ച് ഭക്തര്‍ മടങ്ങേണ്ട അവസ്ഥപോലും ഉണ്ടായി. പതിനെട്ടാംപടിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന പൊലീസുകാരുടെ പരിചയക്കുറവും തിരക്കിന് കാരണമായെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കഴിഞ്ഞസീസണില്‍ 52 ലക്ഷംപേരാണ് ദര്‍ശനത്തിനെത്തിയത്. ഇത്തവണ അതിലും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലയ്ക്കലില്‍ ഒരേസമയം പതിനായിരം വാഹനങ്ങള്‍വരെ പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കും. നിലവിലിത് എണ്ണായിരമാണ്. എരുമേലിയിലും പാര്‍കിങ് സൗകര്യം കൂട്ടാന്‍ ആറ് ഏക്കര്‍ ഭൂമി കണ്ടെത്തി. ഇതെല്ലാം കണക്കിലെടുത്താകും സ്പോട് ബുക്കിങ് വീണ്ടും ഏര്‍പ്പെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുക.

Sabarimala congestion control spot booking not implemented: