TOPICS COVERED

തൃശൂര്‍ മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ ഇരുപതു കോടി രൂപ തട്ടിച്ചെടുത്ത അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹന്റെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തി. മാതാപിതാക്കളുടേയും ഭര്‍ത്താവിന്റെ പേരില്‍ മൂന്നു അക്കൗണ്ടുകള്‍ വേറെ. നാലു വര്‍ഷത്തിനിടെ ഈ അക്കൗണ്ടുകള്‍ മുഖേന ധന്യ നടത്തിയത് എണ്ണായിരം തവണ പണം കൈമാറ്റമാണ്. ഇതിനെല്ലാം പുറമെ, ആറ് ആഡംബര കാറുകളും സ്വന്തമായുണ്ട്. 

 

ധന്യ മോഹന്റെ പേരിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. നാലു വര്‍ഷത്തിനിടെ എട്ട് അക്കൗണ്ടുകളിലായി എണ്ണായിരം സാമ്പത്തിക ഇടപാടുകള്‍ നടത്തി. ഭര്‍ത്താവ് ബസന്തിന്റേയും അച്ഛന്റേയും അമ്മയുടേയും അക്കൗണ്ടുകളിലേക്ക് ഇത്രയും വലിയ തുക വന്നതിനാല്‍ അവരും കേസില്‍ പ്രതികളാകാനാണ് സാധ്യത. പതിനാലുകാരിയായ മകളെ കൊല്ലത്ത് ധന്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിപ്പിച്ചിരുന്നത്. വലപ്പാട്ടെ ആഡംബര വീട്ടില്‍ ധന്യ തനിച്ചായിരുന്നു താമസം. വിദേശത്തായിരുന്നു ഭര്‍ത്താവിന് എന്‍.ആര്‍.ഐ അക്കൗണ്ടുണ്ട്. കുഴല്‍പ്പണ സംഘങ്ങള്‍ വഴി എന്‍.ആര്‍.ഐ. അക്കൗണ്ടിലേയ്ക്ക് പണം അയച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. നാലു വര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പൊലീസ് ശേഖരിച്ചു. 

ഓണ്‍ലൈന്‍ റമ്മി കളിച്ച് രണ്ടു കോടി രൂപയോളം ധന്യ കളഞ്ഞിട്ടുണ്ട്. കൊല്ലത്തും വലപ്പാടും നാട്ടുകാരുമായി അടുപ്പം കാത്തുസൂക്ഷിച്ചിരുന്നില്ല. ധന്യയുടെ അക്കൗണ്ടുകളിലുള്ള പണം മരവിപ്പിക്കാന്‍ നോട്ടിസ് നല്‍കി. ഇതുകൂടാതെ, ധന്യയുടേയും ബന്ധുക്കളുടേയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. ഇരുപതു കോടി രൂപ മൊത്തമായി തിരിച്ചുപിടിക്കുക പ്രയാസമാകും. കാരണം, വന്‍തുക ധൂര്‍ത്തടിച്ച് കളഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ തട്ടിപ്പിന് മറ്റാരെങ്കിലും കൂട്ടുനിന്നോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. ധന്യമോഹനെ തൃശൂര്‍ വലപ്പാട് പൊലീസ് വിശദമായി ചോദ്യംചെയ്യും. വ്യാജ രേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ മാറ്റിയായിരുന്നു തുക തട്ടിയതെന്നും പൊലീസ് കണ്ടെത്തി.

ENGLISH SUMMARY:

20 Crore loooted from Manappuran gold loan by Manager