dhanyaquestioned

TOPICS COVERED

തൃശൂരില്‍ മണപ്പുറം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ഇരുപതു കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ധന്യ മോഹനെ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്തു. ധന്യയുടേയും കുടുംബാംഗങ്ങളുടേയും പേരിലുള്ള എട്ട് അക്കൗണ്ടുകളില്‍ എണ്ണായിരം സാമ്പത്തിക ഇടപാടുകള്‍ നടന്നതായും കണ്ടെത്തി. കേസ്, ക്രൈംബ്രാഞ്ചിന് ഉടന്‍ കൈമാറും. 

 

ധനകാര്യ സ്ഥാപനത്തിന്റെ സോഫ്റ്റ്്്വെയര്‍ നിയന്ത്രണം കൊല്ലം സ്വദേശി ധന്യ മോഹനായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്തായിരുന്നു വ്യാജ വിലാസത്തില്‍ വായ്പകള്‍ അനുവദിച്ച് തുക സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയത്. ബന്ധുക്കളുടെ പേരിലുള്ള അക്കൗണ്ടുകളിലേയ്ക്കും പണം മാറ്റിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി തുടര്‍ന്ന തട്ടിപ്പ് പിടിക്കാതെ പോയതിനു കാരണം, സോഫ്റ്റ്്വെയറിലുള്ള ധന്യയുടെ പരി‍ഞ്ജാനവും ഔദ്യോഗിക പദവിയുമായിരുന്നു. ആറ് ആഡംബര കാറുകള്‍, കൊല്ലത്തും തൃശൂരിലും വീടുകള്‍. ഇതിനെല്ലാം പുറമെ, ബന്ധുക്കളുടെ പേരില്‍ ഭൂമിയും നിക്ഷേപങ്ങളും. ലോക്കറുകള്‍ പരിശോധിച്ച്, സ്വര്‍ണമോ പണമോ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കും. റമ്മി കളിച്ച് കളഞ്ഞത് രണ്ടു കോടി രൂപയാണ്.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ധന്യയുടെ ബന്ധുക്കള്‍ പലരും ഈയിടെയായി വന്‍തോതില്‍ പണം ചെലവഴിച്ചതായും പൊലീസിന് വിവരം കിട്ടി. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ആദായനികുതി വകുപ്പിന് വിവരങ്ങള്‍ കൈമാറും. ഭര്‍ത്താവിന്റെ എന്‍.ആര്‍.ഐ അക്കൗണ്ട് പരിശോധിക്കുന്നുണ്ട്. ധൂര്‍ത്തും ആഡംബരവുമായിരുന്നു ധന്യയുടെ ജീവിതത്തിലുടനീളം. പതിനെട്ടുവര്‍ഷായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വിശ്വാസ്യത ആര്‍ജിച്ച ശേഷമാണ് തട്ടിപ്പിലേയ്ക്കു നീങ്ങിയത്. കൊല്ലം ഈസ്റ്റ് സ്റ്റേഷനിലാണ് ഇന്നലെ ധന്യ കീഴടങ്ങിയത്.