TOPICS COVERED

സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികളിലേക്ക് വൈദ്യുതി ബോര്‍ഡ് കടക്കുന്നു.  ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ട് നോട്ടിസ് ഇന്ന് ഇറങ്ങും.  മൂന്നുലക്ഷം സ്മാര്‍ട് മീറ്ററുകളാണ് സ്ഥാപിക്കുന്നത്. ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കും.

സ്മാര്‍ട്ട് മീറ്ററിനും അനുബന്ധ ഉപകരണങ്ങള്‍ക്കും സോഫ്റ്റ് വെയറിനുമായി രണ്ട് ടെന്‍ഡറുകളാണ് ഇന്ന് വിളിക്കുന്നത്.  217 കോടി രൂപയാണ് അടങ്കല്‍ തുക. സെപ്റ്റംബര്‍  12 നും പതിമൂന്നിനുമായി രണ്ടുടെന്‍ഡറുകളും തുറക്കും.ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. അതുകൊണ്ടുതന്നെ ഗാര്‍ഹിക ഉപയോക്താക്കളെ ആദ്യ ഘട്ടത്തില്‍ ഒഴിവാക്കും. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച രീതിയില്‍ നിന്ന് മാറി സ്വന്തം നിലയ്ക്ക്  സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ KSEB തീരുമാനിച്ചത് ഈ വര്‍ഷം ജനുവരിയില്‍ മനോരമ ന്യൂസ് റിപ്പോര്‍ട്ടുചെയ്തിരുന്നു.  വിശദപദ്ധതിേരഖയ്ക്ക് കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ  അനുമതിയും കിട്ടി.ലോകസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നടപടികള്‍ നീണ്ടുപോയത്. കേന്ദ്രം നിര്‍ദ്ദേശിച്ച ടോട്ടക്സ് മാതൃകയിലല്ലാത്തതിനാല്‍ സ്മാര്‍ട് മീറ്ററിന്റെ ഗ്രാന്‍ഡ് ലഭിക്കില്ലെങ്കിലും വിതരണ ശൃംഖലയുടെ നവീകരണത്തിനടക്കമുള്ള മറ്റ് ഗ്രാന്‍ഡുകള്‍ ലഭിക്കും.

സിസ്റ്റം മീറ്ററിങ് ഉള്ള ട്രാന്‍സ്ഫോര്‍മര്‍, സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഹൈ ടെന്‍ഷന്‍ ഉപഭോക്തക്കള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. നേരത്തെ 33 ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ വാങ്ങാനായിരുന്നു തീരുമാനം.ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും സംഘടകള്‍ പ്രതിഷേധിച്ചത്.അടുത്തവര്‍ഷം ഗാര്‍ഹിക ഉപഭോക്താക്കളും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. 

ENGLISH SUMMARY:

Electricity Board enters into the tender process for smart meter project.