വൈദ്യുതി നിരക്ക് വര്‍ധന ചെറുതെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അവകാശപ്പെടുമ്പോഴും ഈ മാസംതന്നെ ഒരുയൂണിറ്റ് വൈദ്യുതിക്ക് അധികം നല്‍കേണ്ട തുക ശരാശരി 35 പൈസ. ഡിസംബറില്‍ ഏര്‍പ്പെടുത്തിയ സര്‍ചാര്‍ജ് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഒഴിവാക്കാത്തതിനാലാണ് ഇത്. ജനുവരിയില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമോയെന്ന് ഈ മാസം അവസാനമാകും തീരുമാനിക്കുക.
മന്ത്രി പറയുന്നതുപോലെ ചെറിയവര്‍ധനയല്ല സാധാരണക്കാരന്‍റെ ചുമലില്‍. വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് വ്യാഴ്ചമുതല്‍ റഗുലേറ്ററി കമ്മിഷന്‍ പ്രാബല്യം നല്‍കിയെങ്കിലും ഈമാസത്തെ ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടില്ല. ഒക്ടോബറില്‍ ചെലവിട്ട 27.43 കോടി രൂപയുടെ ബാധ്യത തീർക്കാൻ യൂണിറ്റിന് 10 പൈസയും, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ളയുള്ള അധികച്ചെലവ് നികത്താന്‍ കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് വൈദ്യുതി ബോര്‍ഡ് ഈടാക്കുന്ന ഒന്‍പതുപൈസയും ചേര്‍ത്ത് യൂണിറ്റിന് 19 പൈസയാണ് ഈടാക്കുന്നത്. എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ബാധകം. Also Read: വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസയുടെ വര്‍ധന
ശരാശി നിരക്ക് വര്‍ധനയായ 16 പൈസയും സര്‍ചാര്‍ജും ചേര്‍ക്കുമ്പോള്‍ ഫലത്തില്‍ ഈമാസം യൂണിറ്റിന് ശരാശരി 35 പൈസയാണ് കെഎസ്ഇബി കൂടുതല്‍ കിട്ടുന്നത്. ഈ വര്‍ഷം കെ.എസ്ഇബി ആവശ്യപ്പെട്ടത് 37 പൈസയുടെ വര്‍ധന. അതുതന്നെ കെഎസ്ഇബിയ്ക്ക് ലഭ്യമാകും. ജനുവരിയില്‍ സര്‍ചാര്‍ജ് തുടരുമോയെന്നത് റഗുലേറ്ററി കമ്മിഷന്‍ ഈമാസം അവസാനം തീരുമാനിക്കും. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ച് പത്തുപൈസയില്‍ കൂടാത്ത സര്‍ചാര്‍ജ് കെഎസ്ഇബിക്ക് സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്താനും കഴിയും. മൂന്നുവര്‍ഷത്തെ താരിഫ് വര്‍ധന ആവശ്യപ്പെട്ട കെഎസ്ഇബിക്ക് രണ്ടുവര്‍ഷത്തെ വര്‍ധന നിശ്ചയിച്ചുകിട്ടി. 2026–27 തിരഞ്ഞെടുപ്പ് വര്‍ഷമായതിനാലാണ് ആ വര്‍ഷത്തെ താരിഫ് റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കാത്തത് എന്നാണ് സൂചന.