kerala-university-1-

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് ബിജെപിക്ക് ആദ്യ വിജയം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക്  ഒരു സീറ്റും എല്‍ഡിഎഫിന് മൂന്നു സീറ്റും ലഭിച്ചു. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വോട്ടെണ്ണലിന് വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ചതോടെ സിന്‍ഡിക്കേറ്റിലെയും സെനറ്റിലെയും ഇടത്പക്ഷ അംഗങ്ങളും എസ്എഫ്ഐയും വിസിയെ മണിക്കൂറുകളോളം ഉപരോധിച്ചു.  

 

സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പില്‍ ഗവര്‍ണര്‍ ഒഴികെ 96 പേരും വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു വലിയ പ്രതിഷേധം അരങ്ങേറിയത്. ഹൈക്കോടതി പറഞ്ഞാലെ വോട്ടെണ്ണാന്‍ അനുവദിക്കൂ എന്നായി വൈസ് ചാന്‍സലര്‍ ഡോ, മോഹനന്‍കുന്നുമ്മല്‍. തര്‍ക്കമുള്ള 15 വോട്ടുകള്‍മാറ്റി വെച്ച് ബാക്കി എണ്ണി ഫലം പ്രഖ്യാപിക്കണം എന്നായി സിന്‍ഡിക്കേറ്റിലെയും സെനറ്റിലെയും ഇടത് അംഗങ്ങള്‍. അവര്‍  വിസിയുടെ മുറിയിലെത്തി ഉപരോധ സമരം തുടങ്ങി. പുറത്ത് എസ്എഫ്ഐയും. വിസി വഴങ്ങിയില്ല. ഒടുവില്‍ ഉച്ചക്ക് ഹൈക്കോടതി വോട്ടെണ്ണാന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വൈകിട്ട് മൂന്നരയോടെ വോട്ടെണ്ണല്‍ ആരംഭിച്ചു. 

ആദ്യമായി ബിജെപി പ്രതിനിധി സിന്‍ഡിക്കേറ്റിലേക്ക് ജയിച്ചു. ജനറല്‍സീറ്റില്‍വിനോദ് കുമാറാണ് വിജയിച്ചത്. മൂന്നു സീറ്റില്‍ എല്‍ഡിഎഫ് ജയിച്ചു. സ്വകാര്യകോളജ് അധ്യാപകര്‍ക്കുള്ള സീറ്റില്‍  ഡോ.മനോജ് ടി.ആര്‍, ഡോ. എന്‍.പ്രമോദ് എന്നിവരും സര്‍ക്കാര്‍ കോളജ് അധ്യാപകുടെ സീറ്റില്‍ഡോ.റഹിമും വിജയിച്ചു. ഡോ.റഹിമിന്‍റെ വിജയത്തെ കുറിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍താല്‍ക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. ആകെ 9 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തര്‍ക്കമുള്ള 15 വോട്ടുകള്‍ എണ്ണാതെ മാറ്റിവെച്ചിരിക്കുകയാണ്. അന്തിമ ഫലം കോടതിവിധിക്കനുസരിച്ചായിരിക്കും എന്ന് ഹൈക്കോടതി  വ്യക്തമാക്കിയിട്ടുണ്ട്.