കേരളത്തെ കണ്ണീരിലാഴ്ത്തി വലിയ ദുരന്തമാണ് വയനാട്ടിലേക്ക് ഇന്നലെ രാത്രിയോടെ ഒലിച്ചിറങ്ങിയത്. ഇപ്പോഴിതാ ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും മാറാന്‍ നിര്‍ദേശം ലഭിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അണ്ണയ്യന്‍ എന്ന് വെള്ളാര്‍മല നിവാസി. വെള്ളാര്‍മല വില്ലേജ് ഓഫീസിന് അടുത്താണ് അണ്ണയന്‍റെ വീട്.
ഇന്നലെ പകല്‍ വീട്ടില്‍ വെള്ളം കയറിയിരുന്നെന്നും ഇതിന് പിന്നാലെ വൈകുന്നേരത്തോടെ മാറി താമസിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചിരുന്നെന്നുമാണ് അണ്ണയ്യന്‍ പറയുന്നത്. നിര്‍ദേശത്തെ തുടര്‍ന്ന് അണ്ണയ്യന്‍ വീട്ടില്‍ നിന്ന് തന്‍റെ വളര്‍ത്തുമൃഗങ്ങളോടൊപ്പം മാറി താമസിപ്പിച്ചു. പുലര്‍ച്ചെ വെള്ളത്തിനടിയിലായ തന്‍റെ വീടും 13 മൃതശശീരങ്ങളുമാണ് അണ്ണയ്യന്‍ കണ്ടത്.
അണ്ണയ്യന്‍റെ വാക്കുകള്‍
എന്‍റെ വീട് ഒലിച്ചുപോയി, അവിടെ അടുത്ത വീടൊക്കെ ചളിയും മണ്ണും കേറി നശിച്ചു. ഇന്നലെ പകല്‍ തന്നെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വൈകുന്നേരം എല്ലാവരോടും പറഞ്ഞതാ അവിടെ താമസിക്കണ്ട, മാറി താമസിക്കാന്‍. എല്ലാവരെയും മാറ്റി താമസിച്ചു. ഞാനും വീട് പൂട്ടി പട്ടികളെയും കൊണ്ട് വേറെ വീട്ടില്‍ വന്നു. ഒന്നരയോടെ വലിയ ശബ്ദം കേട്ടു. എഴുന്നേറ്റ് നോക്കുമ്പോള്‍ വെള്ളം ഒലിച്ചുവന്നിട്ട് ഈ പ്രദേശം കാണുന്നില്ല. ആകെ കടല്‍ പോലെ ആയിരുന്നു. രാവിലെ 13 മൃതശശീരങ്ങള്‍ എന്‍റെ കണ്ണുകൊണ്ട് ഞാന്‍ കണ്ടു.
എന്‍റെ വീട് മാത്രം മുങ്ങിപോയി. ബാക്കി വീടൊക്കെ ചെളി കയറി നശിച്ചു. 2018 ലും 2019ലും ഒന്നും അപകടത്തിന്‍റെ വ്യാപ്തി ഇത്രയും ഇല്ലായിരുന്നു. ആ ധൈര്യത്തിലാണ് ഞങ്ങള്‍ എല്ലാവരും അവിടെ നിന്നത്. ഇപ്പോ അവിടെയാന്നുമില്ല. കൃത്യമായ മുന്നറിയിപ്പ് ലഭിച്ചതുകൊണ്ട് ജീവന്‍ രക്ഷപ്പെട്ടു. ബാക്കിയെല്ലാം നശിച്ചു. മക്കളുടെ സര്‍ട്ടിഫിക്കറ്റും വീടിന്‍റെ ആധാരവും എല്ലാം നഷ്ടപ്പെട്ടു. ഇപ്പോഴും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.