വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് സഹായവുമായി ഷെഫ് സുരേഷ് പിള്ള. വയനാട്ടിലെ ദുരന്ത ഭൂമിയിലുള്ളവര്‍ക്ക് ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ഭക്ഷണം ഒരുക്കുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ദുരന്ത സ്ഥലത്ത് ഭക്ഷണം എത്തിച്ചു നല്‍കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി ബന്ധപ്പെടേണ്ട നമ്പര്‍ : നോബി– 91 97442 46674 അനീഷ്– 91 94477 56679.
വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 19 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചൂരല്‍മല മേഖലയിലാണ് എട്ടു മരണം. ഇതില്‍ നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കി.മീ. അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. ചൂരല്‍മലയിലെ ഹോംസ്റ്റേയില്‍ താമസിച്ച് ഒഡീഷക്കാരായ രണ്ട് ഡോക്ടര്‍മാര്‍മാരെ കാണാനില്ല. ഒരു വനിതാ ഡോക്ടറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് എത്താനാവുന്നില്ല. മുണ്ടകൈയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ ഒരു മാര്‍ഗവുമില്ലെന്നും ഹെലികോപ്റ്റര്‍ വഴി മാത്രമേ വരാന്‍ പറ്റുകയുള്ളുവെന്നും പ്രദേശത്തെ റിസോര്‍ട്ട് ജീവനക്കാരന്‍ യൂനസ്. ആദ്യഉരുള്‍പൊട്ടലുണ്ടായതിന് പിന്നാലെ ട്രീവാലി റിസോര്‍ട്ടിലേക്ക് ആളികള്‍ മാറിയിരുന്നു. എന്നാല്‍ ഒരുപാട് പേര്‍ മരിച്ചിട്ടുണ്ടാവാമെന്നും ഒരുപാട് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും യൂനസ് പറഞ്ഞു.