ദുരന്തം വിതച്ച് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ എത്തിയപ്പോഴും തളരാതെ കൈകോര്‍ത്തുപിടിച്ച് അതീജീവിക്കുകയാണ് വയനാടന്‍ ജനത. വയനാടിന് കാവലായി കേരളം മാത്രമല്ല തമിഴ്നാടും ഉണ്ട്. ദുരന്തഭൂമിയില്‍ വെളിച്ചംവീശുന്ന കരുണയുള്ള മനുഷ്യരെ തുറന്നുകാട്ടുന്ന ഫെയ്സ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
ബത്തേരി രക്തബാങ്കിന് മുന്നിൽ രക്തം ദാനം ചെയ്യാൻ ക്യൂ നിൽക്കുന്നവരുടെ ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കിട്ടിരിക്കുന്നത്. രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന വാർത്തകളും ഭക്ഷണവും കുടിവെള്ളവും വസ്ത്രവും മറ്റ് ആവശ്യ സാധനങ്ങളും നൽകാൻ സന്നദ്ധരായ മനുഷ്യരെക്കുറിച്ചുമാണ് കുറിപ്പില്‍ ചൂണ്ടികാണിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ബത്തേരി രക്തബാങ്കിന് മുന്നിൽ രക്തം ദാനം ചെയ്യാൻ ക്യൂ നിൽക്കുന്നവർ.അതിജീവിച്ചവർക്ക്, രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്ന വാർത്ത കണ്ടു. ഭക്ഷണവും കുടിവെള്ളവും വസ്ത്രവും മറ്റവശ്യ സാധനങ്ങളും നൽകാൻ സന്നദ്ധരായ മനുഷ്യരെ കണ്ടു. ദയവായി അനാവശ്യമായി യാത്ര നടത്തരുതേ എന്ന് അപേക്ഷിക്കുന്ന പോസ്റ്റുകൾ കണ്ടു. ദുരിത ഭൂമി നിങ്ങളുടെ വിനോദ സഞ്ചാര ദേശമല്ല എന്ന തീഷ്ണമായ മുന്നറിയിപ്പുകൾ കണ്ടു.
യുക്തിയോടെ, ഔചിത്യത്തോടെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു എന്ന് കേട്ടു. ഒരു ദേശമാണ് നിമിഷ നേരങ്ങളിൽ ഇല്ലാതാകുന്നത്. എത്രയോ മനുഷ്യർ, എത്രയോ ജീവിതങ്ങൾ. തുടർച്ചയായ വർഷങ്ങൾ, തുടർച്ചയായ ദുരന്തങ്ങൾ. മഴ എന്ന് കേൾക്കുമ്പോൾ മരണം എന്ന് മനസിലാകുന്ന വിധം അരക്ഷിതമാകുന്ന നമ്മുടെ ജീവിതം. എല്ലാ പകപ്പുകൾക്കിടയിലും കൈകോർത്ത് നിന്ന് പരസ്പരം സഹായിക്കുന്ന ഒരു കൂട്ടം മനുഷ്യർ വെളിച്ചമായ്, അണയാതെ നിൽക്കും. ആ പ്രകാശത്തിൻ്റെ തെളിച്ചത്തിൽ നമ്മൾ മുന്നോട്ട് വീണ്ടും നടക്കും. മനുഷ്യർ!