എൻ.എം വിജയന്‍റെ മരണത്തിന് മുമ്പ് തന്നെ ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ പുറത്തുവന്നിരുന്നെങ്കിലും ഒരു നടപടിയും എടുത്തില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. 2016 ൽ ബത്തേരി കാർഷിക സഹകരണ ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല. രേഖകൾ മനോരമ ന്യൂസിനു ലഭിച്ചു. വിഷയത്തിൽ സിപിഎമ്മും കോൺഗ്രസ്സും ഡീൽ ആണ് എന്നാണ് ബിജെപിയുടെ ആരോപണം.
എൻ.എം വിജയന്‍റെ ആന്മഹത്യാ കുറിപ്പിൽ ബത്തേരിയിലെ മൂന്നു ബാങ്കുകളിൽ നടന്ന നിയമന ക്രമക്കേടുകളെ പറ്റിയാണ് പ്രധാനമായി സൂചിപ്പിച്ചത്. അർബൻ സഹകരണ ബാങ്കും കാർഷിക സഹകരണ ബാങ്കും സർവീസ് സഹകരണ ബാങ്ക്. ബാങ്കുകളിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോഴ വാങ്ങിയത്. 2016 ൽ കാർഷിക സഹകരണ ബാങ്കിലെ ക്രമക്കേടുകളെ പറ്റി വിജിലൻസ് അന്വേഷണ നടന്നു. ഗുരുതര ക്രമകേടുകൾ നടന്നെന്ന് കണ്ടെത്തി. ഓഡിറ്റിങിൽ കോടികളുടെ ക്രമക്കേടും കണ്ടെത്തി. കോൺഗ്രസ് പുറത്താക്കിയ മുൻ ഡി സി സി നേതാവും ബാങ്ക് പ്രസിഡണ്ടുമായ കെ.കെ.ഗോപിനാഥായിരുന്നു കേസിലെ ഒന്നാംപ്രതി. 2016 ലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു.
ക്രമക്കേടുകളിൽ ബാങ്കിന് കോടികൾ നഷ്ടം വന്നെന്നും ഈ തുക ഗോപിനാഥടക്കമുള്ള പ്രതികളിൽ നിന്നും ഈടാക്കാനുമായിരുന്നു തീരുമാനം. കേസ് കോടതിയും കയറി. എന്നാൽ തുടർ നീക്കങ്ങൾ നിശ്ചലമായി. ബാങ്ക് ഭരണം ഇടതിന് കിട്ടിയിട്ടും എൽഡിഎഫ് ഭരണത്തിൽ എത്തിയിട്ടും പ്രതികൾക്കെതിരെ നടപടിയെടുക്കാത്തതിൽ വലിയ അമർഷം പുകഞ്ഞിരുന്നു. ബാങ്ക് നിയമന ക്രമക്കേടിൽ സിപിഎമ്മും കോൺഗ്രസും ഡീലിലാണെന്നാണ് ബിജെപി നിലപാട് . അതിനിടെ ബാങ്കിലെ നിയമന ക്രമക്കേടിൽ ഇന്നലെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. അമ്പലവയൽ ആനപ്പാറ സ്വദേശി ഷാജിയുടെ പരാതിയിലാണ് കെ.കെ ഗോപിനാഥ് അടക്കം 3 പേർക്കെതിരെ കേസ് എടുത്തത്. ബാങ്ക് പ്രസിഡന്റ് ആയിരുന്ന ഗോപിനാഥ് 3 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലാണ് കേസ്. ഏറ്റവും ഒടുവിലേതടക്കുള്ള കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും കടുത്ത നടപടി ഇതുവരേയായും ഇല്ല എന്നതാണ് വാസ്തവം.