‘എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ ആരെങ്കിലും ഇങ്ങോട്ട് എത്തണം. മൃതദേഹങ്ങള്‍ പോലും പുറത്തെത്തിക്കാന്‍ പറ്റാതെ ഞങ്ങള്‍ നിസ്സഹായരാണ്. ഞങ്ങളും ഇവിടെ സേഫല്ല’ മുണ്ടകൈയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ജീവന്‍ പണയം വെച്ചെത്തിയ നാട്ടുകാരില്‍ ഒരാളും മുന്‍ പഞ്ചായത്ത് അംഗവുമായ അബ്ദുല്‍ കലാമിന്‍റെ വാക്കുകളാണ്. ഇനിയും എന്‍ഡിആര്‍എഫ് ഉള്‍പ്പെടെയുള്ള രക്ഷാസംഘത്തിന് കാര്യമായി എത്താന്‍ സാധിക്കാത്ത മുണ്ടകൈയില്‍ കുത്തിയൊഴുകുന്ന മലവെള്ളത്തിലൂടെ വടം കെട്ടിയും  സ്വന്തം ജീവന്‍ കൈയില്‍പിടിച്ചും ഓടിയെത്തിയ നാട്ടുകാരില്‍ ഒരാളാണ് അബ്ദുല്‍ കലാം.  ‘ഞങ്ങള്‍ക്ക് വരാതിരിക്കാനാകില്ലല്ലോ. ഞങ്ങള്‍ക്ക് വേണ്ടപ്പെവരാണ് ഇവിടെയുള്ളത്’ അബ്ദുല്‍ കലാമിന്‍റെ വാക്കുകള്‍ ഇടറി.

25–30ഓളം വീടുകളാണ് പ്രദേശത്ത് ഉള്ളത്. ബാക്കി കുന്നിന്‍ ചെരുവില്‍ ആണ്. രക്ഷയ്ക്കെത്തിയ നാട്ടുകാര്‍ക്കും ഇതുവരെ അങ്ങോട്ട് പോകാന്‍ സാധിച്ചിട്ടില്ല. ഓരോ വീട്ടിലും മൂന്നും നാലും അഞ്ചും അംഗങ്ങള്‍ ഉണ്ടാകും. അവിടെനിന്നൊന്നും ആളുകളെ പുറത്തെത്തിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ‘ഞങ്ങള്‍ നിസ്സഹായരാണ്. ജീവന്‍ പണയം വെച്ച് എത്തിയവരാണ് ഞങ്ങള്‍. പക്ഷേ ഒരു മാര്‍ഗവുമില്ല. മൃതദേഹങ്ങള്‍ പോലും പുറത്തെടുക്കാന്‍ കഴിയുന്നില്ല. പലതും വയറൊക്കെ കീറിയ നിലയിലാണ്. ഒരു സ്ട്രെക്ചര്‍ പോലും ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ആരും ഇവിടേക്ക് എത്തിയിട്ടില്ല. വൈകുന്നേരം ആറുമണിക്കു മുന്‍പ് ആരെങ്കിലും എത്തണം. ഞങ്ങളും ഇവിടെ സേഫല്ല’– അദ്ദേഹം പറയുന്നു.

പ്രദേശത്തുനിന്ന് ലഭിച്ച മൃതദേഹങ്ങള്‍ നാട്ടുകാര്‍ സമീപത്തെ മദ്രസയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ മുണ്ടകൈയിലേക്ക് ഭക്ഷണമെത്തിക്കാന്‍ നാമമാത്രമായ എന്‍ഡിആര്‍ എഫ് അംഗങ്ങള്‍ക്ക് മാത്രമാണ് എത്താന്‍ സാധിച്ചത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം അനിവാര്യമായ അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടെ  വീണ്ടും ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് മുണ്ടകൈപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍. രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും പ്രദേശത്തുനിന്ന് മാറ്റി.  ഇതുവരെ 63 പേര്‍ ദുരന്തത്തില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ENGLISH SUMMARY:

The locals of Mundakai want rescue workers to arrive as soon as possible