മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുകയാണ് ,നിരവധിയാളുകളെയാണ് ആശുപത്രികളിലേക്ക് എത്തിക്കുന്നത്. അടിയന്തിരമായി ആശുപത്രി സംവിധാനം വേണ്ട സാഹചര്യം ആയതിനാല്‍ വയനാട് ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങി. ചൂരൽമലയിൽ പോളിടെക്നിക്കിൽ താത്ക്കാലിക ആശുപത്രി സജ്ജമാക്കി. മന്ത്രി വീണ ജോര്‍ജാണ് ഈ കാര്യം അറിയിച്ചത്.
അതേ സമയം വലിയ ദുരന്തമുണ്ടായെന്നു പറയുന്ന മുണ്ടക്കൈ മേഖലയിലേക്ക് പൂർണതോതിൽ രക്ഷാപ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എൻഡിആർഎഫിന്റെ 5 പേരടങ്ങുന്ന ചെറുസംഘത്തിന് മാത്രമാണ് ഇതുവരെ മുണ്ടക്കൈയിലെത്താനായത്. ചൂരൽപ്പുഴയ്ക്ക് അപ്പുറത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് എൻഡിആർഎഫ് സംഘം ഭക്ഷണമെത്തിച്ചു നൽകി. പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയാണ് ഉദ്യോഗസ്ഥർ പുഴ കടന്ന് അക്കരെ എത്തിയത്. ഇവിടുത്തെ ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ ചൂരൽമല കേന്ദ്രീകരിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.