വയനാട്ടില്‍ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവരെ തേടി ആശുപത്രിയിലെത്തുന്ന ബന്ധുക്കള്‍ നോവ് പടര്‍ത്തുന്ന കാഴ്ചയാകുന്നു. ‘എന്‍റെ ഭാര്യയുടെ അനിയത്തിയുടെ ഭര്‍ത്താവും അവരുടെ ഇളയച്ഛനും രണ്ട് കുട്ടികളെയും അമ്മയെയുമാണ് കാണാതായത്. ഇതില്‍ രണ്ടുപേരെ കണ്ടെത്തി. അച്ഛന്‍ ഇവിടെയുണ്ട്. മോള്‍ ഹോസ്പിറ്റലിലുണ്ട്. കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നാണ് പറയുന്നത്. കുറച്ചു സീരിയസാണ്’ എന്നാണ് കുടുംബത്തെ തേടിയെത്തിയ ബന്ധു പറയുന്നത്.
ഇവരുടെ വീടെല്ലാം പോയി. മോള്‍ മാത്രമേ രക്ഷപെട്ടിട്ടുള്ളൂ. ആറ് പേരടങ്ങുന്ന കുടുംബമായിരുന്നെന്നും. ആറാളുകളും പോയി. ഈ മോളെ മാത്രമേ കിട്ടിയുള്ളൂ. എട്ട് വയസുള്ള ഒരുകുട്ടികൂടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം മുണ്ടകൈയിലും ചൂരല്‍മലയിലുമായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ 63പേര്‍ മരിച്ചിട്ടുണ്ട്. ഒട്ടേറെപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 43 മൃതദേഹങ്ങള്‍ മേപ്പാടിയിലെ ആശുപത്രികളിലാണ്. പതിനെട്ടുപേരെ തിരിച്ചറിഞ്ഞു. സ്വകാര്യ ആശുപത്രിയില്‍ രണ്ട് കുട്ടികളുടേത് ഉള്‍പ്പെടെ 8 മൃതദേഹങ്ങളാണുള്ളത്. നിലമ്പൂര്‍ പോത്തുകല്ലില്‍ ചാലിയാറിലൂടെ ഒഴുകിയെത്തിയത് 20 മൃതദേഹങ്ങളാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ചൂരല്‍മലയിലെത്തി. ഹെലികോപ്റ്ററുകള്‍ വീണ്ടും ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കും. പ്രതികൂല കാലാവസ്ഥമൂലം ആദ്യശ്രമം പരാജയപ്പെട്ടിരുന്നു.
മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലും 250 പേര്‍ കുടുങ്ങിക്കിടപ്പുണ്ട്. കുന്നിന്റെ മുകളില്‍ 150 പേരും റിസോര്‍ട്ടില്‍ 100 പേരുമുണ്ട്. വെള്ളത്തില്‍ നിന്ന് രക്ഷിച്ച മൂന്നുപേരും കുന്നിന്റെ മുകളില്‍, മൂന്നുപേരുടെ നില ഗുരുതരമാണ്. കൂടുതലും കുട്ടികളും സ്ത്രീകളും കുട്ടികളുമാണ്. 50 വീടെങ്കിലും തകര്‍ന്നതായും നാട്ടുകാരി മിന്നത്ത് മനോരമ ന്യൂസിനോട് പറഞ്ഞു. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക പത്ത് വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍. മസ്ജിദ് തകര്‍ന്നു, ഉസ്താദിനെ ഉള്‍പ്പെടെ നിരവധി പേരെ കാണാനില്ലെന്നും യൂനുസ്.
മൂന്നു തവണയാണ് വയനാട് മുണ്ടകൈയിലും ചൂരൽമലയിലും ഉരുള്‍പൊട്ടിയത്. നൂറുകണക്കിന് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. 2019ല്‍ ഉരുള്‍പൊട്ടിയ പുത്തുമലയ്ക്ക് 1.5. കി.മീ. അകലെയാണ് രണ്ടു സ്ഥലങ്ങളും. 250 പേരാണ് കുടുങ്ങിക്കിടക്കുന്നത്. കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍: 9656938689, 8086010833.