lift-med-tvm

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും ലിഫ്റ്റില്‍ കുടുങ്ങി രോഗികള്‍. രോഗികളും ബന്ധുക്കളും ലിഫ്റ്റ് ഓപ്പറേറ്ററുമടക്കം ആറുപേര്‍ 45 മിനിറ്റായി ലിഫ്റ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. അഗ്നിരക്ഷാസേനയെത്തി ശ്രമം തുടരുകയാണ്.

 

ഈ മാസം രണ്ട് തവണയാണ് രോഗികള്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. സിപിഐ മുന്‍ ലോക്കല്‍ സെക്രട്ടറി തിരുമല രവിയെന്ന രവീന്ദ്രന്‍ നായര്‍ 48 മണിക്കൂറിലേറെയാണ് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയത്. ഈ സംഭവത്തെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ സര്‍ക്കാര്‍ ഇടപെട്ട് സസ്പെന്‍ഡ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം വനിത ഡോക്ടറും രോഗിയും ബന്ധവും 20 മിനിറ്റോളം ലിഫ്റ്റില്‍ കുടുങ്ങി. ഇ എൻ ടി വിഭാഗത്തിലെ ഡോ. അൻസിലയും സിടി സ്കാൻ വിഭാഗത്തിലേയ്ക്കു പോയ രോഗിയും ബന്ധുവുമാണ് കുടുങ്ങിയത്. ഇവർ കയറിയ ശേഷം താഴേയ്ക്കു പോയ ലിഫ്റ്റ് പകുതിയിൽ നിന്നു. കാഷ്വാലിറ്റിയിലെ ഏഴാം നമ്പർ ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റ് ടെക്നീഷ്യനെത്തി 20 മിനിറ്റോളം ശ്രമിച്ചാണ് ഇവരെ പുറത്തെത്തിച്ചത് .

രോഗികളെ ചതിക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ലിഫ്റ്റുകളില്‍ 15 എണ്ണവും കണ്ടം ചെയ്യാറായവയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സ്ഥാപിച്ചിട്ട് 15 വര്‍ഷം മുതല്‍ 20 വര്‍ഷം വരെയായ ലിഫ്റ്റുകള്‍ ഉടന്‍ മാറ്റണമന്ന സേഫ്റ്റി ഒാഡിറ്റ് റിപ്പോര്‍ട്ടും അധികൃതര്‍ അവഗണിച്ചതായി വാര്‍ത്തകള്‍ വന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടയാക്കുന്നത്. 

ENGLISH SUMMARY:

Six people trapped in Trivandrum Medical college,