വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ സീരിയല്‍ ക്യാമറമാന്‍റെ മൃതദേഹവും കണ്ടെത്തി. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മലയാള സിനിമയുടെ ഡയറക്ടേഴ്സ് യൂണിയനായ ഫെഫ്ക തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഷിജുവിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ഷിജുവിന്റെ സഹോദരനും മകളും ചികില്‍സയിലാണ്. ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരുക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ടെന്നും ഫെഫ്ക അറിയിക്കുന്നു. പ്രണവിന്റെ വീട്ടുകാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.
അതേസമയം, ദുരന്തത്തില്‍ മരണം 163 ആയി. 85 പേരെ കണ്ടെത്തിയിട്ടില്ല. മുണ്ടക്കൈയില്‍ നിന്ന് ഇന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 143 മൃതദേഹങ്ങളുെട പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. 191 പേര്‍ ചികില്‍സയിലാണ്. നിലമ്പൂരില്‍ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളാണ്.
കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരെന്നാണ് പഞ്ചായത്ത് അംഗം പറയുന്നത്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെ. ചൂരല്‍മലയില്‍ ഇനിയും 20 പേരെ കണ്ടെത്താനുണ്ടെന്ന് വാര്‍ഡ് അംഗം സുകുമാരനും നാഗമലയിലെ എസ്റ്റേറ്റില്‍ 12 പേര്‍ കുടുങ്ങിയെന്ന് നാട്ടുകാരന്‍ രായിനും പറയുന്നു. മുണ്ടക്കൈയില്‍ 150 വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്നെന്ന് മേപ്പാടി പഞ്ചാ. സെക്രട്ടറിയും വ്യക്തമാക്കി.