ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്ന് നിര്‍മ്മിക്കുന്ന ബെയ്‍ലി പാലം നാടിനെന്ന് കരസേന രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള മേജര്‍ ജനറല്‍ വിനോദ് മാത്യു മനോരമ ന്യൂസിനോട്. അത്ര ഉറപ്പോടെ നിര്‍മിക്കുന്നതിനാലാണ് സമയമെടുക്കുന്നത്. ഇന്ന് ഉച്ചയോടെ നിര്‍മാണം പൂര്‍ത്തിയാവുമെന്നും വിനോദ് മാത്യു. പാലം പൂര്‍ത്തിയായാല്‍ രണ്ടാംഘട്ടം ആരംഭിക്കും. യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയി. മരിച്ചവരില്‍ 23 കുട്ടികളാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. വീടുകളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തിരച്ചിലിന് കൂടുതല്‍ യന്ത്രങ്ങളും സന്നാഹങ്ങളും ഇന്നെത്തും. ബെയ്‌ലി പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകും. 82 ക്യാംപുകളിലായി 8304 പേരാണ് കഴിയുന്നത്. ഇതുവരെ 1592 പേരെ രക്ഷിച്ചെന്നാണ് ഏറ്റവുമൊടുവിലെ വിവരം. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.