സംസ്ഥാനത്തെ സാമൂഹ്യക്ഷേമ പെൻഷൻ തട്ടിയെടുത്ത സർക്കാർ ജീവനക്കാർക്ക് എതിരെ നടപടി എടുക്കാൻ വകുപ്പുകൾക്ക് നിർദേശം. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം വാങ്ങിയ ശേഷം നടപടി എടുക്കാൻ  ധനവകുപ്പ് ശുപാർശ ചെയ്തു. മസ്റ്ററിങ്ങിൽ തിരിമറി നടത്തിയാണ് ഉദ്യോഗസ്ഥർ പട്ടികയിൽ കടന്നുകൂടിയത്. ഇതിന് വ്യാജരേഖകൾ ഉപയോഗിച്ചോ എന്ന സംശയം ഉണ്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാർ പെൻഷൻ പട്ടികയിൽ കടന്നുകൂടിയതിന് പിന്നിൽ ഉദ്യോഗസ്ഥ ലോബിയാണെന്നും ധനവകുപ്പ് വിലയിരുത്തുന്നു. 

Read Also: ക്ഷേമ പെന്‍ഷന്‍ കയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ്‌ ഉദ്യോഗസ്ഥരും

അസിസ്റ്റന്‍റ് പ്രഫസർമാർ, ഹയർ സെക്കൻഡറി അധ്യാപകർ തുടങ്ങി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 1458 സര്‍ക്കാർ ഉദ്യോഗസ്ഥർ ആണ് നിരാശ്രയരായ വയോധികർക്കും, വിധവകൾക്കും, ഭിന്ന ശേഷിക്കാർക്കും നൽകുന്ന 1600 രൂപയുടെ ക്ഷേമ പെൻഷൻ നിയമവിരുദ്ധമായി വാങ്ങുന്നത്. ധാർമികവും നിയമപരവുമായ എല്ലാ സീമകളും ലംഘിച്ച ഈ ഉദ്യോഗസ്ഥർ ചെയ്തത് ക്രിമിനൽ കുറ്റമായാണ് ധനവകുപ്പ് കാണുന്നത്. ഇതിനാലാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അതത് വകുപ്പുകൾ നടപടിയെടുക്കണമെന്ന ശുപാർശ. 

ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും തസ്തികകളും വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരിൽനിന്ന് ആദ്യം വിശദീകരണം തേടണം. ശേഷം നടപടി. ഉദ്യോഗസ്ഥർ പട്ടികയിൽ ഇടംപിടിച്ചത് അബദ്ധത്തിൽ ആണെന്ന്  കരുതനാകില്ല. സാമൂഹ്യ പെൻഷന്‍റെ ഗുണഭോക്താക്കളുടെ  മസ്‌റ്ററിങ് എല്ലാവർഷവും നടക്കുന്നുണ്ട്. വ്യാജ രേഖകളുടെ സഹായത്തോടെയോ , തെറ്റായ വിവരങ്ങൾ നൽകിയോ ഇതിൽ തിരിമറി നടത്തിയാണ് ഇവർ പട്ടികയിൽ കടന്നുകൂടിയത്. 

അതേസമയം, നടപടി എടുക്കാനുള്ള ചുമതല വകുപ്പുകൾക്ക് വിടുമ്പോൾ നടപടി വകുപ്പ് തലത്തിൽ മാത്രം ഒതുങ്ങാൻ സാധ്യത ഏറെയാണ്. തട്ടിപ്പിന് വ്യജരേഖകൾ ഉപയോഗിച്ചോ എന്നതിൽ ഉൾപ്പടെ വകുപ്പുകൾക്ക് പരിശോധന നടത്താനാകില്ല. ഇക്കാര്യത്തിൽ  വിജിലൻസോ, പൊലീസോ ആണ് അന്വേഷണം നടത്തേണ്ടത്. 

ENGLISH SUMMARY:

Criminal case may be filed against welfare pension fraudsters