വയനാട് ഉരുള്‍പൊട്ടലില്‍ മരണം 296 ആയി ഉയര്‍ന്നു. ഇതില്‍ 23 പേര്‍ കുട്ടികളാണ്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ യന്ത്രസഹായത്തോടെ ഇന്നും തുടര്‍ന്നു. ഇന്ന് മുണ്ടക്കൈയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു. നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി ഇന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതുവരെ 152 മൃതദേഹങ്ങളാണ് നിലമ്പൂര്‍, പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളില്‍ നിന്ന് കണ്ടെടുത്തത്. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. കനത്ത മഴ പലപ്പോഴും തിരച്ചിലിന് വലിയ തടസം സൃഷ്ടിച്ചു.
ദുരന്തഭൂമിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരും. നല്ല നിലയില്‍ പുനരധിവാസം നടപ്പാക്കുമെന്നും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് പുനഃസൃഷ്ടിച്ച് നല്‍കുമെന്നും മുഖ്യമന്ത്രി വയനാട്ടില്‍ പറഞ്ഞു.
ദുരന്തഭൂമിയിലേക്ക് മൂന്നാം ദിനം മുഖ്യമന്ത്രിയെത്തി. കോഴിക്കോട് നിന്ന് ഹെലികോപ്റ്ററില്‍ ബത്തേരിയിലെത്തിയ മുഖ്യമന്ത്രി റോഡ് മാര്‍ഗം കല്‍പറ്റയിലെത്തി. അവിടെ ഗസ്റ്റ്ഹൗസില്‍ ഒന്‍പത് മന്ത്രിമാര്‍ക്കൊപ്പം കൂടിയാലോചന. തുടര്‍ന്ന് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം. മന്ത്രിമാര്‍ക്ക് പുറമെ , പ്രതിപക്ഷനേതാവ്, എംഎല്‍മാര്‍, മേജര്‍ ജനറല്‍ വി.പി.മാത്യു, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇനി ജീവനോടെ ആരും മണ്ണിനടിയില്‍ ഇല്ലെന്ന് സൈന്യം അറിയിച്ചതായി യോഗശേഷം മുഖ്യമന്ത്രി വ്യക്തമാക്കി. ക്യാംപുകള്‍ കുറച്ചുനാള്‍കൂടി പ്രവര്‍ത്തിക്കും. കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും. മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കള്‍ മാത്രം പോകണം. മാധ്യമങ്ങള്‍ ക്യാംപിനുള്ളില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം നല്‍കി. കാര്യങ്ങളുടെ ഏകോപനത്തിന് മന്ത്രിസഭ ഉപസമിതിയും വയനാട്ടില്‍ പ്രവര്‍ത്തിക്കും.
തുടര്‍ന്ന് ചൂരല്‍ മലയിലെത്തിയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തരും മറ്റ് അധികൃതരുമായും ആശയവിനിമയം നടത്തി. ചൂരല്‍ മലയില്‍ നിന്ന് കോട്ടനാടുള്ള ദുരിതാശ്വാസ ക്യാംപും സന്ദര്‍ശിച്ചു
വയനാട്ടിലുണ്ടായത് ദേശീയ ദുരന്തമാണെന്ന് രാഹുല്‍ഗാന്ധി. രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും പുനരാധിവാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി. രാജ്യം മുഴുവന്‍ വയനാടിനെ സഹായിക്കണമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു
രാഷ്ട്രീയത്തില്‍ തനിക്ക് കൈത്താങ്ങായ വയനാടിനെ ചേര്‍ത്ത് പിടിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. രണ്ടുമണിയോടെ കണ്ണൂരില്‍നിന്ന് റോഡുമാര്‍ഗം ചൂരല്‍മലയിലെത്തിയ രാഹുലും പ്രിയങ്കയും ഉരുള്‍ തകര്‍ത്തെറിഞ്ഞ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ദുരന്തസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം താല്‍ക്കാലിക ബെയ്‌ലി പാലം കടന്ന് മറുകരയിലെത്തി . തുടര്‍ന്ന് സൈനികരുമായി പാലത്തിന്‍റെ നിര്‍മാണപുരോഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. അവിടെ നിന്ന് മേപ്പാടി പിഎച്ച്സിയിലേക്ക്. പരുക്കേറ്റവരെയും ബന്ധുക്കളെയും സന്ദര്‍ശിച്ചശേഷം ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തി. എല്ലാം നഷ്ടപ്പെട്ട് ക്യാംപില്‍ കഴിയുന്നവരുടെ അവസ്ഥ നേരിട്ടറിഞ്ഞു. അവിടെനിന്ന് മേപ്പാടിയിലെതന്നെ മറ്റൊരു ക്യാംപ് പ്രവര്‍ത്തിക്കുന്ന സെന്‍റ് ജോസഫ് സ്കൂളിലെത്തി. കനത്ത മഴയ്ക്കിടെയായിരുന്നു സന്ദര്‍ശനം. പിന്നീട് വിംസ് ആശുപത്രിയിലെത്തി പരുക്കേറ്റവരെ കണ്ടു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലാണ് തങ്ങുന്നത്.
വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. വയനാട് ദുരന്തം കേരളത്തിന്റെ മാത്രം പ്രശ്നമല്ല. അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സംസാരിക്കാമെന്ന് ഗവര്‍ണര്‍മാരുടെ ഉറപ്പ് ലഭിച്ചതായും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
വയാനാട്ടിലെ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ സന്ദര്‍ശിക്കേണ്ടെന്ന് ദുരന്തനിവാരണ വകുപ്പ് . സംസഥാനത്തെ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനവും മേപ്പാടി പഞ്ചയത്തിലേക്ക് പഠനത്തിനോ സന്ദര്‍ശനത്തിനോ പോകരുതെന്നാണ് നിര്‍ദേശം. ദുരന്ത ബാധിത മേഖലയായി സ്ഥലം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പ്രിന്‍സിപ്പല്‍സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദേശം പറയുന്നു. ഇതിനും പുറമെ മാധ്യമങ്ങളോട് ശാസ്ത്രജ്ഞര്‍ സംസാരിക്കുന്നതിനും നിയന്തണമുണ്ട്. ശാസ്ത്രജ്ഞര്‍ മാധ്യമങ്ങളോട് അഭിപ്രായം പങ്കുവെക്കുകയോ മുന്‍പഠനങ്ങളുടെ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. ഭാവിയില്‍ മേപ്പാടിയില്‍ പഠനം നടത്തണമെങ്കില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം. ദുരന്തനിവാരണ പ്രിന്‍സിപ്പല്‍സെക്രട്ടറിയുടെ നിര്‍ദേശം ശാസ്ത്രസാങ്കേതിക കൗണ്‍സിലിന് കൈമാറി.