landslide-reason

നിനച്ചിരിക്കാതെ കലി തുള്ളിയെത്തുന്ന ദുരന്തം, രാവ് ഇരുട്ടി വെളുക്കുമ്പോള്‍ കാണുന്നത് അണ പൊട്ടിയൊഴുകുന്ന കണ്ണീര്‍ മാത്രം. നാടിനെ ദുരന്തഭൂമിയാക്കുന്ന ഈ ഉരുള്‍പൊട്ടലുകള്‍ എങ്ങനെയാണ് ഉണ്ടാകുന്നത്.  ? 

 

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്‌ഥലങ്ങളും എന്നു വേണ്ട സര്‍വത്ര നാശം വിതച്ചായിരിക്കും പ്രവാഹം. 

ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതൽ. മണ്ണിടിച്ചു നീക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും. ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കാറുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അധികൃതർ കരുതൽ നടപടി സ്വീകരിക്കുക. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം.

ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന പരിഗണിക്കാതെ മലഞ്ചരുവുകളിൽ കൃഷി, പാറ ഖനനം, റോഡ് - കെട്ടിട നിർമ്മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകർക്കുകയും വൻതോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു. സഹ്യപർവതത്തിലെ ഉരുൾ പൊട്ടലിനു കാരണം മലകളുടെ ചെരിവു ദൃഢത (സ്ലോപ് സ്റ്റബിലിറ്റി)  നഷ്ടപ്പെടുന്നതും അരുവികൾ മൂടിപ്പോകുന്നതുമാണെന്നു പഠനം പറയുന്നു. പുത്തുമലയിലെയും കവളപ്പാറയിലെയും ഉരുൾപൊട്ടലിനു ശേഷം വിദഗ്ധ സമിതിയുടെ പഠനത്തിലാണു കാരണം കണ്ടെത്തിയത്. ഭൗമശാസ്ത്ര പഠന കേന്ദ്രമോ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണു പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാറ്. 

സംസ്ഥാനത്തെ മലകളുടെ ചെരിവുകൾ റോഡിനും മറ്റുമായി വെട്ടി മുറിക്കാറുണ്ട്. ഇതോടെ മണ്ണു പിടിച്ചു നിർത്താനുള്ള പ്രകൃതിദത്ത ശേഷി കുറയും. മലനിരകളിൽ നിന്ന് ഒട്ടേറെ അരുവികൾ ഉത്ഭവിക്കുന്നു. ഇവ പലതും മൂടിപ്പോകുന്നത് മഴവെള്ളം സുഗമമായി ഒഴുക്കിക്കളയാനുള്ള പ്രകൃതിദത്ത ക്രമീകരണം ഇല്ലാതാക്കുന്നു. മലവെള്ളം പല സ്ഥലത്തായി ഭൂമിയിൽ കെട്ടിക്കിടക്കാൻ ഇത് ഇടയാക്കുന്നു. ഈ കൂറ്റൻ ജലസമ്പത്ത് പിന്നീട് ഉരുൾപൊട്ടലായി മാറുന്നതായി വിദഗ്ധ സംഘം നടത്തിയ പഠനത്തില്‍ പറയുന്നു. 

കേരളത്തിൽ തുടർച്ചയായി രണ്ടാംവർഷവും മിന്നൽ പ്രളയവും വ്യാപകമായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മഴയുടെ ഘടനയിൽ വന്ന മാറ്റമാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  കുറഞ്ഞ സമയത്തിനിടെ അപ്രതീക്ഷിതമായി അതിതീവ്രമഴ പെയ്യുന്ന രീതിയാണ് കേരളത്തിനു വൻ ഭീഷണിയായി മാറുന്നത്. 

മലയടിവാരത്തും മലമുകളിലും കുന്നിൻചെരിവുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. രണ്ടു കിലോമീറ്റർ ചുറ്റളവിൽ എന്നെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായ സ്‌ഥലമാണെങ്കിൽ പ്രത്യേകിച്ചും. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴുന്ന സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുണ്ട്.

നീർച്ചാലുകൾ വൃത്തിയാക്കുകയാണ് ഉരുൾപൊട്ടൽ തടയാൻ പ്രധാന മാർഗം. മഴവെള്ളം പുറത്തേക്കൊഴുകാൻ കഴിയാതെ മണ്ണിൽനിന്നു ശക്‌തിയായി പുറന്തള്ളുമ്പോഴാണ് ഉരുൾപൊട്ടുന്നത്. മലയടിവാരത്തോടു ചേർന്നുള്ള ചെറിയ കൈത്തോടുകളും നീർച്ചാലുകളും ആഴം കൂട്ടി വൃത്തിയാക്കണം.

ENGLISH SUMMARY:

Resons of landslides