A chopper joins search and rescue operations following landslides in Mundakai

മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടിയതു ബോംബ് സ്ഫോടനത്തിനു തുല്യമായ അവസ്ഥയിലെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). കൂറ്റൻ പാറക്കെട്ടുകൾ തകർന്നു തെറിച്ചത് ആഘാതം വർധിപ്പിച്ചു. ചാർനോക്കൈറ്റ് വിഭാഗത്തിലുള്ള പാറകളാണ് ഈ പ്രദേശത്തെ കുന്നുകളുടെ പ്രത്യേകത. തുടർച്ചയായ മഴയിൽ ഈ പാറയിലെ വിടവുകളിലൂടെ വെള്ളം നിറഞ്ഞു. അവസാനത്തെ 2 ദിവസം കൊണ്ട് 60 സെന്റിമീറ്ററോളം മഴ പെയ്തതോടെ പാറയ്ക്കുള്ളിൽ സംഭരിക്കാവുന്ന വെള്ളത്തിന്റെ പരിധി കവിഞ്ഞു.

കടുത്ത സമ്മർദത്തിൽ കൂറ്റൻ പാറകൾ പൊട്ടിത്തെറിക്കുകയായിരുന്നു. കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളത്തോടൊപ്പം പാറക്കഷണങ്ങളും തെറിച്ചുവീണത് ആഘാതം പലമടങ്ങ് വർധിപ്പിച്ചതായി ജിഎസ്ഐ കേരള ഘടകം ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളി പറഞ്ഞു.

മരണം 293

വയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 293 ആയി. കാണാതായവര്‍ക്കായി തിരച്ചില്‍ തല്‍ക്കാലത്തേക്കു നിര്‍ത്തി വച്ചു. മരിച്ചവരില്‍ 23 കുട്ടികളാണ്. കാണാതായ ഉറ്റവരെ തിരഞ്ഞ് ബന്ധുക്കള്‍. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ചത് 143 മൃതദേഹങ്ങളാണ്. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇതുവരെ കണ്ടെടുത്തത് 139 മൃതദേഹങ്ങള്‍. 82 ക്യാംപുകളിലായി 8304 പേര്‍, ഇതുവരെ രക്ഷിച്ചത് 1592 പേരെ.

നിലമ്പൂരില്‍ ചാലിയാര്‍ പുഴയുടെ വിവിധ കടവുകളില്‍ നിന്നായി ഇന്ന് എട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. 15 മണ്ണുമാന്തിയന്ത്രങ്ങള്‍ ഇന്നലെ രാത്രി മുണ്ടക്കൈയിലെത്തിച്ചെന്ന് റവന്യുമന്ത്രി കെ.രാജന്‍ പറഞ്ഞു. മുഖ്യമന്ത്രി നേതൃത്വത്തില്‍ വയനാട് കലക്ടറേറ്റില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു.

വിപുലമായ രക്ഷാപ്രവര്‍ത്തിന് ബെയ്‍‌ലി പാലം സജ്ജമാകണം. പാലം നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്‌. ഉച്ചയോടെ നിര്‍മാണം പൂര്‍ത്തിയാകും. പാലം പൂര്‍ത്തിയായാല്‍ ‌രണ്ടാംഘട്ടം ആരംഭിക്കും. യന്ത്രസഹായത്തോടെ വീടുകളില്‍ തിരച്ചില്‍ നടത്തും. ബെയ്‌ലി പാലം ഇവിടെയുണ്ടായിരുന്ന പഴയ പാലം പോലെ തന്നെ ഉപയോഗിക്കാനാകുമെന്നും മേജര്‍ ജനറല്‍ വിനോദ് മാത്യു പറഞ്ഞു

ENGLISH SUMMARY:

Wayanad landslides: 293 dead, over 1,000 rescued