വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകള്‍ തകര്‍ന്നിട്ടുണ്ട്. ഇത് പുനര്‍നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് അവ വീണ്ടും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്നുള്ള രക്ഷാദൗത്യത്തിന്‍റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി നാലംഗ മന്ത്രിസഭാ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരന്തമേഖലകളില്‍ പെട്ട വിദ്യാര്‍ഥികളുടെ പഠനത്തിന് തടസമുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.
മന്ത്രിമാരായ കെ. രാജന്‍, എ.കെ. ശശീന്ദ്രന്‍, മുഹമ്മദ് റിയാസ്, ഒ.ആര്‍. കേളു എന്നിവരടങ്ങിയതാണ് ഉപസമിതി. ശ്രീറാം സാംബശിവ റാവു, ഡോ. എ. കൗശിഗന്‍ എന്നിവര്‍ സ്പെഷല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.