വയനാട് ഉരുള്‍പൊട്ടലിനിടെ ഒറ്റപ്പെട്ട നാലംഗ കുടുബത്തെ രക്ഷപെടുത്തി സൈന്യം. പടവെട്ടിക്കുന്ന് രക്ഷാദൗത്യത്തിലാണ് ഇവരെ കണ്ടെത്തിയത്. ജോണി, ജോമോള്‍, ക്രിസ്റ്റി, എബ്രഹാം എന്നിവരാണ് വീടിനുള്ളിലുണ്ടായിരുന്നത്.
ഫയര്‍ഫോഴ്സിനാണ് ആദ്യം വിവരം ലഭിച്ചത്. തുടര്‍ന്നാണ് സൈന്യം എത്തിയത്. എയര്‍ലിഫ്റ്റിന്‍റെ ആവശ്യം വരാത്തതിനെ തുടര്‍ന്ന് ഇവരെ പുത്തുമലയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. പടവെട്ടിക്കുന്നിലെ ബ്രൂ റിസോര്‍ട്ടിന് മുകളിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് ഇവരോട് ഒഴിയാന്‍ സൈന്യം ആവശ്യപ്പെടുകയായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ മലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് വീടെന്നതിനാലാണ് മാറിത്താമസിക്കാതിരുന്നതെന്ന് കുടുംബം സൈന്യത്തെ അറിയിച്ചു. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന എത്തിയത്.