കേരളത്തില്‍ മാവോയിസ്റ്റ് പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മാവോയിസ്റ്റ് നേതാവ് സി.പി. മൊയ്തീന്‍ ഭീകരവിരുദ്ധ സ്ക്വാഡിന്‍റെ പിടിയില്‍. ജൂലൈയില്‍ വയനാട്ടിലെ കമ്പമലയില്‍ നിന്ന് കടന്ന മൊയ്തീനെ ആലപ്പുഴയില്‍ നിന്നാണ് പിടികൂടിയത്. മൊയ്തീന്‍റെ കൂട്ടാളികളായ സോമന്‍, മനോജ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഇതോടെ കേരളത്തില്‍ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് തിരശീലവീണുവെന്ന നിഗമനത്തിലാണ് ഭീകരവിരുദ്ധ സ്ക്വാഡ്.
ആലപ്പുഴയില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് മൊയ്തീനെ ഭീകര വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മൊയ്തീന്‍ ആലപ്പുഴ, എറണാകുളം ജില്ലയിലുള്ളതായി അന്വേഷണ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിലടക്കം പൊലീസിന്‍റെ സഹായത്തോടെ വിപുലമായ പരിശോധനയും നടത്തി. ഏറെക്കാലമായി കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് മൊയ്തീന്‍റെ നേതൃത്വത്തിലാണ്. മനോജ്, സന്തോഷ്, സോമന്‍ എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങള്‍. പേര്യ ആറളം കൊട്ടിയൂര്‍ വനമേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തിന്‍റെ കഴിഞ്ഞനാളുകളില്‍ പ്രവര്‍ത്തനം കമ്പമല കേന്ദ്രീകരിച്ചിയാരിന്നു. ആഴ്ചകള്‍ മുന്‍പ് കുഴിബോംബുകള്‍ കണ്ടെത്തിയതോടെ വനമേഖല കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി. ഇതോടെ ജൂലൈ പതിനേഴിന് മൊയ്തീനും സംഘവും കാടിറങ്ങി.
സന്തോഷ് തമിഴ്നാട്ടിലേക്ക് കടന്നപ്പോള്‍ മൊയ്തീനും സോമനും മനോജും കൊച്ചി ലക്ഷ്യമാക്കി നീങ്ങി. ജൂലൈ 18ന് മനോജ് കൊച്ചിയില്‍ അറസ്റ്റിലായി. പത്ത് ദിവസത്തിന് ശേഷം സോമനെ ഷൊര്‍ണൂരില്‍ നിന്നും പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ മൊയ്തീന്‍ 2017മുതല്‍ വയനാട്, നിലമ്പൂര്‍, കണ്ണൂര്‍ ജില്ലകളില്‍ മാവോവാദി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. മൊയ്തീന്‍റെ സഹോദരങ്ങളായ സി.പി .ജലീല്‍, ഇസ്മയില്‍ എന്നിവരും മാവോവാദി സംഘത്തിലെ അംഗങ്ങളായിരുന്നു. 2019ലെ വയാനാട്ടിലെ ഏറ്റുമുട്ടലില്‍ ജലീല്‍ കൊല്ലപ്പെട്ടു. 2015ല്‍ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത ഇസ്മയില്‍ പിന്നീട് ജാമ്യത്തിലിറങ്ങി.