തെരുവില്‍ അച്ഛനൊപ്പം കഴിഞ്ഞ നാലുവയസുകാരന്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. മുംബൈയിലെ അംബേദ്കര്‍ കോളജിന് സമീപമാണ് ദാരുണസംഭവമുണ്ടായത്. ആയുഷ്മാന്‍ ലക്ഷ്മണെന്ന കുട്ടിയാണ് മരിച്ചത്. അപകടമുണ്ടാക്കിയ സന്ദീപ് ഗോലെന്ന 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിലെ പാര്‍ലി സ്വദേശിയാണ് സന്ദീപമെന്നും പൊലീസ് പറഞ്ഞു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുകയാണെന്നും തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
ഇലക്ട്രിക് ബസ് അപകടത്തിന്‍റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പാണ് മുംബൈയില്‍ അടുത്ത അപകടവും. ഡിസംബര്‍ ഒന്‍പതിനുണ്ടായ അപകടത്തില്‍ ഏഴുപേര്‍ മരിക്കുകയും 42 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇരുപതിലേറെ വാഹനങ്ങളിലിടിച്ചാണ് ബസ് നിന്നത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്തല്‍.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ ഏറ്റവുമധികം റോഡ് അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്ന് മഹാരാഷ്ട്രയാണെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം അപകട മരണങ്ങള്‍ (1,08882). തമിഴ്നാട്ടില്‍ 84,316 ഉം മഹാരാഷ്ട്രയില്‍ 66,370 ആളുകള്‍ക്കും ജീവന്‍ നഷ്ടമായി.