petslandslide3

ആർത്തലച്ചു വന്ന മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈ  ഗ്രാമം നാമാവശേഷമായപ്പോൾ ബാക്കിയായത് വളർത്തു മൃഗങ്ങളാണ്. യജമാനന്മാരെ തേടി അലയുന്ന നായ്ക്കളെയും എങ്ങോട്ടെന്നില്ലാതെ അലയുന്ന പശുക്കളും പോത്തുകളുമെല്ലാം ദുരന്തഭൂമിയിലെ നൊമ്പരക്കാഴ്ചയാണ്. 

ദുരിതക്കടൽ താണ്ടി വന്നവനാണ്. ആരുടെയോ അരുമയാണ്. രണ്ടുദിവസമായി യജമാനനെ കണ്ടിട്ട്. അതിനാൽ തന്നെ തിരച്ചിലിലാണ്. പക്ഷേ ചുറ്റും പരിചയം ഉള്ള ഒരാളെയും കാണാനില്ല. ക്ഷീണിച്ച അവശനായ ആ മുഖം കണ്ടപ്പോൾ സന്നദ്ധ പ്രവർത്തകരിൽ ഒരാൾ  ബിസ്ക്കറ്റ് നൽകി. എന്നാൽ കഴിച്ചില്ല. അതിലേക്ക് ഒന്ന് നോക്കുക മാത്രം ചെയ്തു. ബിസ്ക്കറ്റ് ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്ന് കരുതി മറ്റൊരു സന്നദ്ധ പ്രവർത്തകൻ ബിരിയാണി വിളമ്പി. എന്നാൽ അവൻ അങ്ങോട്ട് നോക്കിയത് പോലുമില്ല. തന്നെ കുടുംബാംഗത്തെപ്പോലെ കണ്ട യജമാനനെ തേടിയുള്ള  അലച്ചിലിൽ ആണ് താനെന്ന് ഇവർക്ക് അറിയില്ലല്ലോ. കുറച്ചുനേരം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചിൽ നോക്കി നിന്നു അവൻ. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിൽ പശുക്കളുടെ കെട്ടഴിച്ചു വിടാനുള്ള സാവകാശം പോലും കിട്ടിയിരുന്നില്ല.  ഒഴുക്കിൽപ്പെട്ട് എവിടെയോ തങ്ങി തിരിച്ചുവന്നതാണ് ഇവയെല്ലാം. എങ്ങോട്ടെന്നറിയാതെ അലയുന്നു ഇപ്പോൾ. പാൽ കറക്കാത്തതിനാൽ അകിടുവിങ്ങി പലതിനും നടക്കാൻ പോലും കഴിയുന്നില്ല. അവിടെയും സന്നദ്ധപ്രവർത്തകർ ഇടപെട്ടു. പാൽ കറന്ന് ഒഴിവാക്കി.

ഉരുൾപൊട്ടൽ ഉത്ഭവിച്ച  പുഞ്ചിരി മട്ടത്തെ ഫാമിൽ കുടുങ്ങിയ പശുക്കളെ അതിസാഹസികമായാണ്  സന്നദ്ധ പ്രവർത്തകരുടെ ഒരു സംഘം അവിടെയെത്തി രക്ഷിച്ചത്.ദുരിതമനുഭവിക്കുന്ന മനുഷ്യർക്കൊപ്പം മറ്റ് സഹജീവികളോടും അല്പം കരുണ കാട്ടാം. അവരും പതുക്കെ  മഹാ ദുരന്തത്തിന്റെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളട്ടെ. 

 
When the village of Mundakai was destroyed by the mountain flood, all that was left were the domesticated animals: