മുണ്ടക്കൈ പുഞ്ചിരിമട്ടം കല്ലിങ്കല്‍ വീട്ടില്‍ ഇനി ഒരാളേ ശേഷിക്കുന്നുള്ളൂ. അത് കുഞ്ഞൂട്ടന്‍ എന്ന് വീട്ടുകാര്‍ ഓമനിച്ച് വിളിച്ച അഭിജിത്താണ്. മുണ്ടക്കൈയില്‍ രണ്ടാമത് പൊട്ടിയ ഉരുളാണ് കുഞ്ഞൂട്ടന്‍റെ അച്ഛന്‍ സുബ്രഹ്മണ്യന്‍, അമ്മ ബബിത, സഹോദരങ്ങളായ ഗ്രീഷ്മ, ഗിരിജിത്ത് എന്നിവരുടെ ജീവനെടുത്തത്. അച്ഛന്‍റെയും സഹോദരി ഗ്രീഷ്മയുടെയും മൃതദേഹം മാത്രമാണ് ഇതുവരെ കിട്ടിയത്.
ചേച്ചിയെ ചിതയിലേക്ക് എടുക്കുമ്പോള്‍ അഭിജിത്ത് ഒന്നേ പറഞ്ഞുള്ളൂ, എനിക്ക് ആ മുഖമൊന്ന് കാണണം. ചുറ്റും കൂടി നിന്നവര്‍ ആദ്യമൊന്നും തയ്യാറായില്ല. ഒടുവില്‍ മുഖത്ത് നിന്നും വെള്ളത്തുണി മാറ്റിയതോടെ അഭിജിത്ത് അലറിക്കരഞ്ഞു.. എന്‍റെ ചേച്ചിയുടെ മുഖം ഇങ്ങനെയല്ലായിരുന്നു... മേപ്പാടി ശ്മശാനത്തില്‍ സംസ്കാരച്ചടങ്ങുകള്‍ക്ക് കൂടി നിന്നവരും പൊട്ടിക്കരഞ്ഞു.
തലനാരിഴയ്ക്കാണ് അഭിജിത്ത് ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപെട്ടത്. സുബ്രഹ്മണ്യന്‍റെ അമ്മ തായിക്കുട്ടിയെ കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇതുവരെ മരണസംഖ്യ 340 ആയി. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അഞ്ചാം ദിവസമായ ഇന്ന് ആറുമേഖലകളിലായാണ് തിരച്ചില്‍ നടക്കുന്നത്. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിവട്ടം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ചാലിയാറിലും നിലമ്പൂരിലും കോഴിക്കോടും തിരച്ചില്‍ തുടരും.