ബിഹാറിൽ നിന്ന് ജീവിതം പച്ച പിടിപ്പിക്കാൻ കേരളത്തിൽ എത്തിയതാണ് രാജേഷ് യാദവും 10 പേരും. മുണ്ടക്കൈയിലെ തേയില തോട്ടത്തിൽ ആയിരുന്നു ജോലി. ഉരുൾപൊട്ടൽ ഇവർക്ക് ബാക്കിയാക്കിയത് ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ ആണ്.
ജനിച്ച നാട് വിട്ട അകലങ്ങളിലേക്ക് സ്വപ്നങ്ങൾ തേടിയിറങ്ങിയവർ ആണ് ഇവർ. ആറുവർഷം മുമ്പാണ് രാജേഷ് യാദവും കൂട്ടരും മുണ്ടകൈയിലേക്ക് വരുന്നത്. 12 വർഷം മുമ്പ് ജീവിതം തേയില തോട്ടങ്ങൾക്കിടയിലേക്ക് പറിച്ചു നട്ട ഉപേന്ദ്ര പാസ്വാനും ഫുൽ കുമാരിയും പറഞ്ഞ കഥകൾ കേട്ടാണ് കേരളത്തെ അറിയുന്നത്. അവർക്കൊപ്പം ഇങ്ങോട്ട് വന്നു. യാത്രകളിലും ജീവിതത്തിലും തുണ നിന്ന ദീദി ഇന്ന് ഇല്ല. ഉരുൾപൊട്ടൽ ഫൂൽ കുമാരിയുടെ ജീവിതം കവർന്നെടുത്തു. ഇവർക്കൊപ്പം ഒരു റൂമിൽ കിടന്നുറങ്ങിയിരുന്ന മറ്റു മൂന്നു പേരെയും കണ്ടെത്താൻ ആയിട്ടില്ല.
കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു പലരും ഗുരുതര പരുക്കുകളുടെ രക്ഷപ്പെട്ടു.ഒരുകാലത്ത് ഒരുപാട് സ്നേഹിച്ച കേരളത്തോട് എന്നെന്നേക്കുമായി വിട പറയാൻ ഒരുങ്ങുകയാണ് ഇവർ. ഇതുപോലൊരു ദുരിതം സമ്മാനിച്ച നാട്ടിൽ ഇനി നിൽക്കാൻ വയ്യ. ജനിച്ച മണ്ണിൻറെ ചൂടിലേക്ക് മടങ്ങിയാലും ദുരന്ത രാത്രിയുടെ ഓർമ്മക്കുക അവർക്ക് എളുപ്പമാകില്ല. ദൈവത്തിൻറെ സ്വന്തം നാട്ടിൽ നിന്ന് ഇങ്ങനെയൊരു മടക്കം അവർ പ്രതീക്ഷിച്ചതുമല്ല