ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറ‍ഞ്ഞതിനെത്തുടര്‍ന്ന് പട്ടാമ്പി പാലം കാൽനട യാത്രയ്ക്കായി തുറന്നു. വാഹന ഗതാഗതത്തിന് തുറക്കുന്നത് ബലക്ഷയ പരിശോധനയ്ക്ക് ശേഷമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഭാരതപ്പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് മൂന്ന് ദിവസമാണ് പട്ടാമ്പി പാലം അടച്ചിട്ടിരുന്നത്. 

പുഴവെളളം കയറി കൈവരികളും തകർച്ചയും നേരിട്ട പട്ടാമ്പി പാലം പൊതുമാരമത്ത് വകുപ്പിന്റെ പാലം വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധിച്ചത്. പാലത്തിന് വലിയ തകർച്ചയുണ്ടായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് കാൽനട യാത്രയ്ക്ക് തുറന്ന് കൊടുത്തത്. വാഹനഗതാഗതം പുന:സ്ഥാപിക്കാൻ കൂടുതല്‍ പരിശോധന വേണ്ടിവരും. 

പുഴയിലെ ജലനിരപ്പ് താഴ്ന്ന ശേഷം തൂണുകളുടെ ബലപരിശോധന നടക്കും. ഇതിന് ശേഷം തുടർ നടപടികൾ തീരുമാനിക്കും. പട്ടാമ്പി പാലത്തിലൂടെ ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകുന്നതിനാല്‍ കിലോമീറ്ററുകള്‍ ചുറ്റിയാണ് പട്ടാമ്പി, തൃത്താല മേഖലയിലുള്ളവര്‍ ഇരുഭാഗത്തേയ്ക്കും സഞ്ചരിക്കുന്നത്. 

ENGLISH SUMMARY:

After the water level in Bharatapuzha came down, the Pattambi Bridge was opened for pedestrian travel