ഒടുവിൽ തിരച്ചറിയപ്പെടാത്ത ആ മൃതദേഹങ്ങളും മണ്ണോടു ചേർന്നു. എന്നേ ദുരന്തഭൂമിയായി മാറിയ പുത്തുമലയിലാണ് തിരിച്ചറിയാ കൂട്ടത്തിലെ എട്ട് മൃതദേഹങ്ങൾ അടക്കിയത്.  അവശേഷിച്ച മൃതദേഹങ്ങളും, പലയിടത്തുനിന്നായി കിട്ടിയ ശരീരഭാഗങ്ങളും ഇന്ന് ഇവിടെ തന്നെ അടക്കും.

അഞ്ചാണ്ടുമുൻപ് ആളൊഴിഞ്ഞും, ഒഴുകിയും പോയ പുത്തുമലയിൽ അവർക്കായി നിരനിരയായും, വരിവരിയായും കുഴിയൊരുങ്ങി. പേടിപ്പെടുത്തുംവിധം 38എണ്ണം. ഉച്ചയോടെ ആളുകളെത്തിത്തുടങ്ങി. ഒറ്റയ്ക്കും, സംഘമായുമൊക്കെ.  നിറകണ്ണും, വിറയാർന്ന ചുണ്ടുകളുമായവർ. പുത്തുമലയിൽ പകലൊടുങ്ങിയിട്ടും ജനക്കൂട്ടം കാത്തുനിന്നു. ആൾക്കൂട്ടത്തിന്‍റെ നിശബ്ദതയ്ക്ക് അത്രമേൽ കനം തോന്നി. 

9.30ാടെ ഇരുട്ടിലൂടെ അവരെയും കൂട്ടി നിരനിരയായ് ആംബുലൻസെത്തി. ചിതറിയും, തെറിച്ചും പോയ പൂർണതയില്ലാത്ത എട്ടു ശരിരങ്ങൾ. അവർക്കായി വിവിധമത പ്രാർഥന. ആരെന്നു പോലും അറിയാത്തവർക്കായി കൂട്ടുവന്നവരും, കൂടി നിന്നവരും ഒപ്പം ചേർന്നു.

ചടങ്ങുകൾക്ക് ശേഷം മൃതദേഹങ്ങളൊന്നൊന്നായ് കുഴിയിലേയ്ക്ക്. പുത്തുമലയിലപ്പോൾ ഉള്ളുലച്ച് വീണ്ടും നോവ് പടർന്നു. രാത്രി 11ന് സംസ്കാരം പൂർത്തിയായി. 

ENGLISH SUMMARY:

Wayanad landslides: 8 unidentified bodies buried at Puthumala