വെള്ളാര്‍മല സ്കൂള്‍ അതേപേരില്‍ പുനര്‍നിര്‍മിക്കുമെന്നും സ്ഥലം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി. ദുരിതബാധിതരായ കുട്ടികളെ ക്ലാസുകളിലെത്തിക്കാനുള്ള നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ മാറ്റുന്ന മുറയ്ക്ക് വി.എച്ച്.എസ്.എസ്. മേപ്പാടിയില്‍ ക്ലാസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ സ്കൂള്‍ പുനര്‍നിര്‍മിക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ അദ്ദേഹവുമായും സംസാരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളാര്‍മല സ്കൂളിലെ അധ്യാപകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

1100 വിദ്യാർഥികളാണ് വെള്ളാർ മല ജിവിഎച്ച്എസിലും മുണ്ടക്കൈ എല്‍പി സ്കൂളിലുമായി പഠിച്ചിരുന്നത്. അവർക്ക് 13 കിലോമീറ്റർ മാറി മേപ്പാടി വിഎച്ച്എസ്എസില്‍ സ്കൂളിൽ താൽകാലിക പഠന സൗകര്യമൊരുക്കും. ഇപ്പോൾ ദുരിതാശ്വാസ ക്യാംപ്  പ്രവർത്തിക്കുന്നതിനാൽ അത് കഴിഞ്ഞാകും ക്ലാസുകൾ തുടങ്ങുക.

പൂർണമായും തകർന്നവെള്ളാർമല സ്കൂൾ അതേ പേരിൽ , ഭാവിയിൽ സർക്കാർ ടൗൺഷിപ്പിനായി കണ്ടെത്തുന്നയിടത്തോ അതിനടുത്തോ  പുനർ നിർമിക്കാനാണ് നീക്കം. മുണ്ടക്കൈ സ്കൂൾ നന്നാക്കിയെടുക്കും. ഇതിനായി മോഹൻലാൽ സഹായ വാഗ്ദനം ചെയ്തത് പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കുട്ടികൾക്കേറ്റ മുറിവിൽ നെഞ്ചുലഞ്ഞ അധ്യാപകർ മന്ത്രിയോട് സ്ഥിതി വിവരിച്ചു.

ENGLISH SUMMARY:

Government to rebuild Vellarmala School as soon as possible, says Minister Sivankutty