ദീര്‍ഘകാലത്തെ പോരാട്ടത്തിനൊടുവില്‍ വന്‍ പൊലീസ് കാവലില്‍ പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സര്‍ക്കാര്‍ സ്കൂളിന് ഗേറ്റ് സ്ഥാപിച്ചു. മുന്‍പ് പലവട്ടം നാട്ടുകാര്‍ ഗേറ്റിടല്‍ തടഞ്ഞിരുന്നു. അരനൂറ്റാണ്ടിലധികമായി സഞ്ചരിച്ചിരുന്ന സ്കൂള്‍ മുറ്റത്തെ വഴി അനുവദിച്ച് കിട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട നഗരത്തില്‍ 1972ല്‍ ആണ് തൈക്കാവിലെ സ്കൂള്‍ കെട്ടിടം തുറന്നത്. സ്കൂളിന് പിന്നിലെ താമസക്കാരുടെ വഴി സ്കൂള്‍ മുറ്റത്ത് കൂടിയായിരുന്നു. സ്കൂള്‍ മുറ്റത്തുകൂടി വാഹനങ്ങള്‍ അമിതവേഗത്തില്‍ പോകാന്‍ തുടങ്ങിയതോടെയാണ് ഗേറ്റിടാന്‍ ആലോചിച്ചത്. ഗേറ്റിടല്‍ ശ്രമം പലവട്ടം നാട്ടുകാര്‍ തടഞ്ഞു. ഇത്തവണ ബാലാവകാശ കമ്മിഷന്‍ നിര്‍ദേശപ്രകാരം കലക്ടറുടെ ഉത്തരവിലാണ് പൊലീസ് കാവലില്‍ ഗേറ്റിട്ടത്.
സ്കൂളിന് പിന്നിലെ താമസക്കാര്‍ക്ക് വീട്ടുമുറ്റത്ത് ലോറി വരെ എത്തുംവിധം വേറെ കോണ്‍ക്രീറ്റ് വഴിയുണ്ടെന്ന് സ്കൂളുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. പക്ഷെ ദൂരക്കൂടുതലാണെന്നും ഓട്ടോക്കൂലി കൂടുതലാണെന്നും കുത്തുകയറ്റമെന്നും നാട്ടുകാര്‍.
സ്കൂളിന് സമീപത്തുകൂടി വഴി തരാമെന്ന് നഗരസഭാ ചെയര്‍മാന്‍ ഉറപ്പു നല്‍കിയിരുന്നു എന്നും നാട്ടുകാര്‍ പറയുന്നുണ്ട്. പുറത്തു നിന്നുള്ള വാഹനങ്ങള്‍ക്കേ തടസമുള്ളു എന്നും സമീപത്തെ താമസക്കാര്‍ക്ക് നടന്നുപോകാനുള്ള വഴിയുണ്ടെന്നും സ്കൂളുമായി ബന്ധപ്പെട്ടവരും പറയുന്നു. കഴിഞ്ഞ വര്‍ഷം സ്കൂള്‍ വളപ്പില്‍ കടന്ന സാമൂഹിക വിരുദ്ധര്‍ സ്കൂള്‍ ബസും സ്കൂള്‍ ജനല്‍ച്ചില്ലുകളും തകര്‍ത്തിരുന്നു.