വയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ദുരന്തമുഖത്ത് സമൂഹം കാണിക്കുന്ന ഒത്തൊരുമ മാതൃകയാണെന്നും പേരൂർക്കട എസ് എ പി ഗ്രൗണ്ടിലെ പോലീസ് പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ ഉരുള്‍പൊട്ടലിനെ അതിജീവിച്ച ജനങ്ങള്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് ഒരുക്കുമെന്ന് റവന്യൂമന്ത്രി കെ.രാജനും വ്യക്തമാക്കി. കേവലം വീടും ഭൂമിയും കൊടുക്കലാകില്ലെന്നും സമ്പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. തിരച്ചിലിന്‍റെ എട്ടാംദിനമായ ഇന്ന് ആറുസോണുകളിലെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തു. ആറുസോണുകളിലും മന്ത്രിമാര്‍ എത്തും. കിണറുകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതിനിടെ വയനാട്ടിലെ തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ഇതുവരെ 392പേരാണ് മരണമടഞ്ഞത്. 180ലേറെ പേരെ കണ്ടെത്താനുണ്ട്. സാധാരണ തിരച്ചില്‍‍സംഘത്തിന് കടക്കാന്‍ പറ്റാത്ത മേഖലയായ സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. സൈന്യത്തിന്‍റെയും വനംവകുപ്പിന്‍റെയും 12പേര്‍ തിരച്ചില്‍ സംഘത്തിലുണ്ടാകും. മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം.

ചാലിയാറില്‍ പരപ്പന്‍പാറ മുതല്‍ വാഴക്കാട് വരെ പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തും. ഡോഗ് സ്ക്വാഡ്, ഡ്രോണ്‍, ഹെലികോപ്റ്റര്‍ എന്നിവയും തിരച്ചിലിന് ഉപയോഗിക്കും. അതേസമയം, ദുരന്തമേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുപ്പും  ഇന്ന് തുടങ്ങും. നഷ്ടപരിഹാരം കണക്കാക്കാന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പരിശോധിക്കും. പൊളിച്ചുമാറ്റേണ്ടവയുടെ  കണക്കും പൊതുമരാമത്ത് വകുപ്പ് ശേഖരിക്കും.

ENGLISH SUMMARY:

Wayanad landslide is the worst disaster in state’s history; says the Chief Minister Pinarayi Vijayan.