മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരായ പ്രചാരണത്തിന് ഇതുവരെയെടുത്ത് 63 കേസുകള്‍. 15 പേരെ അറസ്റ്റും ചെയ്തു. കലാപാഹ്വാനവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തലും ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തുന്നത്. നാട് കണ്ട മഹാദുരന്തത്തിന് പിന്നാലെയാണ് ഒരിടവേളക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സര്‍ക്കാര്‍ പണം ആവശ്യപ്പെട്ട് തുടങ്ങിയത്.
നാനാമേഖലകളില്‍ നിന്ന് സംഭാവനകള്‍ ഒഴുകിത്തുടങ്ങി. അതിനിടെ ചില കോണുകളില്‍ നിന്ന് സി.പി.എമ്മുകാര്‍ പ്രതികളായ പ്രളയഫണ്ട് തട്ടിപ്പടക്കം ഉയര്‍ത്തി ദുരിതാശ്വാസനിധിയുടെ സുതാര്യതക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു. ഇതോടെയാണ് ഭീഷണിയുമായി സര്‍ക്കാര്‍ കേസെടുത്ത് തുടങ്ങിയത്. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുകയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയോ ചെയ്താല്‍ കലാപാഹ്വാനത്തിനാണ് കേസെടുക്കുന്നത്. കൂടാതെ ദുരന്തനിവാരണ നിയമപ്രകാരമുള്ള കുറ്റവും വ്യാജപ്രചാരണത്തിനുള്ള കേരള പൊലീസ് ആക്ടും ചുമത്തും. പക്ഷെ വകുപ്പുകളെല്ലാം ജാമ്യം ലഭിക്കുന്നതാണ്.
അതിനാല്‍ ഭൂരിഭാഗം കേസുകളിലും നോട്ടീസ് നല്‍കി വിട്ടയക്കുകയാണ്. ഇത്തരം പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കാനായി സൈബര്‍ വിഭാഗവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. 358 പോസ്റ്റുകള്‍ കണ്ടെത്തി. എന്നാല്‍ സര്‍ക്കാരിനായാലും സ്വകാര്യവ്യക്തിക്കായാലും സംഭാവന നല്‍കണോയെന്നത് വ്യക്തിപരമായ തീരുമാനവും അതിനെതിരെ പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗവുമെന്നാണ് പ്രതിപക്ഷനിലപാട്. പ്രചാരണം നടത്തുന്നവരെ ഭയപ്പെടുത്താം എന്നതിനപ്പുറം ഈ കേസൊന്നും കോടതിയില്‍ നില്‍ക്കില്ലെന്നാണ് നിയമവിദഗ്ധരുടെയും അഭിപ്രായം.