സംസ്ഥാനത്തെ ട്രഷറികളില്‍ പിണറായി സര്‍ക്കാരുകളുടെ കാലത്ത് ജീവനക്കാര്‍ തട്ടിയെടുത്തത് 97.71 ലക്ഷം രൂപ. 26.64 ലക്ഷം രൂപ മാത്രമാണ് ഇതില്‍ തിരിച്ചു പിടിക്കാനായത്. 2020ല്‍ വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നടത്തിയ 43 ലക്ഷം രൂപയുടെ തട്ടിപ്പില്‍ ഒരു രൂപ പോലും തിരിച്ചു പിടിക്കാനായിട്ടില്ല. 

കാട്ടാക്കട, കണ്ണൂര്‍, പത്തനംതിട്ട ജില്ലാ ട്രഷറികളിലും എട്ട് സബ് ട്രഷറികളിലുമാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ 11 ട്രഷറികളുടെ വിവരങ്ങളും ലഭ്യമാണ്. കഴക്കൂട്ടം സബ് ട്രഷറിയില്‍ നിന്ന് 15,10,000 വും ശാസ്താംകോട്ട സബ് ട്രഷറിയില്‍ നിന്ന് 12,00,000 ലക്ഷവുമാണ് വെട്ടിച്ചത്. പിണറായി സര്‍ക്കാരുകളുടെ കാലത്ത് മാത്രം ആകെ നടത്തിയത് 97,71,274 രൂപയുടെ തട്ടിപ്പ്. ഇതില്‍ തിരിച്ചുപിടിച്ചതാകട്ടെ 26,64,136 രൂപ മാത്രം. ബാക്കി 71,07138 രൂപ തിരിച്ചു പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായി ട്രഷറി വകുപ്പ് വ്യക്തമാക്കി. പ്രോപ്പര്‍ ചാനല്‍ പ്രസിഡന്‍റ് എം.കെ ഹരിദാസിന്‍റെ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനാണ് മറുപടി. 

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് 2020ല്‍ ജീവനക്കാരനായ എം.ആര്‍ ബിജുലാല്‍ വെട്ടിച്ച 43,49,282 രൂപ ഇതുവരെയും തിരിച്ചു പിടിച്ചിട്ടില്ല. തട്ടിപ്പ് നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും ബിജുലാലില്‍ നിന്ന് പണം ഈടാക്കാന്‍ നടപടി സ്വീകരിക്കുന്നുവെന്നാണ് ട്രഷറി വകുപ്പിന്‍റെ മറുപടി. ട്രഷറികള്‍ വഴി ഇടപാട് നടത്തുന്ന വിവിധ സര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നും അവകാശികള്‍ ഇല്ലാത്ത നിക്ഷേപങ്ങളില്‍ നിന്നുമാണ് ജീവനക്കാര്‍ പണം വെട്ടിക്കുന്നത്. ട്രഷറികളിലെ അവകാശികള്‍ ഇല്ലാത്ത നിക്ഷേപങ്ങളുടെ വിവരം പ്രത്യേകമായി ക്രോഡീകരിച്ചിട്ടില്ലെന്നും ട്രഷറി വകുപ്പ് തന്നെ സമ്മതിക്കുന്നു.

ENGLISH SUMMARY:

97.71 lakh rupees were looted by employees during the Pinarayi governments from the state treasuries