വയനാട്ടിലെ അമ്പലവയല്‍, അമ്പുകുത്തിമല, എടക്കൽ ഗുഹ, അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് , വെങ്ങപ്പള്ളി കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ, കുറിച്യർമല, മൂരിക്കാപ്പ് പ്രദേശങ്ങളില്‍ ഭൂമികുലുക്കത്തിന് സമാനമായ പ്രതിഭാസം. പാത്രങ്ങളും ഗ്ലാസും പൊട്ടിയെന്ന് ജനങ്ങള്‍ പറഞ്ഞെന്ന് സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി.ബാലകൃഷ്ണന്‍. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്നും എം.എല്‍.എ പറഞ്ഞു.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ വാക്കുകള്‍
'ഒരു ഉഗ്ര ശബ്ദം കേട്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. എടക്കല്‍, അമ്പലവയല്‍ പഞ്ചായത്ത്, വെള്ളച്ചാല്‍, പാടിപറമ്പ്, തെക്കന്‍കൊല്ലി, മാങ്കൊമ്പ് എന്നിവിടങ്ങളിലാണ് പ്രശ്നമുണ്ടായത്. എന്നാല്‍ ആ ശബ്ദം അടുത്ത നിയോജകമണ്ഡലമായ പൊഴുതന, പിണങ്ങോട് എന്നിവിടങ്ങളിലേക്കും എത്തിയിട്ടുണ്ട്. ഭൂമികുലുക്കമാണോ എന്ന സംശയമുണ്ട്. ഡിസാസ്റ്റര്‍ മാനേജ്മെന്‍റിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി ഓരോ സ്ഥലങ്ങളിലേക്കും പോയിട്ടുണ്ട്.
ആളുകളെ മാറ്റുക എന്നതാണ് ഏറ്റവും വലിയ ആവശ്യം. ജില്ലാ പഞ്ചായത്തുമായി സംസാരിച്ച് ആ മേഖലയില്‍ നിന്ന് ആളുകളെ മാറ്റുന്നതിന് വേണ്ട നടപടിയെടുത്തിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായിട്ടാണ് ആളുകളെ മാറ്റുന്നത്. ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ജനങ്ങളോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. മാറാന്‍ അവര്‍ തയാറാണ്. സ്കൂളുകളും മറ്റ് താമസ സൗകര്യങ്ങളുമൊക്കെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്
ജനപ്രതിനിധികളും തൊഴിലാളികളും ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. ഭൂമി കുലുങ്ങിയെന്നാണ് അവരും പറയുന്നത്. മനുഷ്യന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. പാത്രങ്ങളും ഗ്ലാസും പൊട്ടിയെന്നാണ് പറയുന്നത്. അമ്പലവയലില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ശബ്ദം കേട്ടത്. രാവിലെ 10.15നാണ് ശബ്ദം കേട്ടത്'.