TOPICS COVERED

വയനാട്ടില്‍ ഭൂകമ്പത്തിന് സമാനമായ മുഴക്കവും ചെറുചലവും അനുഭവപ്പെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഭയപ്പാട് വിവരിച്ച് നാട്ടുകാര്‍. 'ഞങ്ങള്‍ കേട്ട ശബ്ദം, ആദ്യം പതുക്കെ ആയിരുന്നു. പിന്നീട് വലിയ പാറക്കല്ല് താഴെ വീഴുന്നത് പോലെ ശബ്ദം കേട്ടു. വീട് നന്നായി ഞടുങ്ങിയിട്ടുണ്ട്. വീട്ടിലെ വര്‍ക്ക് ഏരിയയുടെ മുകളിലിട്ടിരിക്കുന്ന തകരഷീറ്റുകള്‍ കിടുകിടാ എന്ന് വിറയ്ക്കുന്നുണ്ടായിരുന്നു'. ഓടി പുറത്തിറങ്ങുകയായിരുന്നുവെന്ന് പ്രദേശവാസി പറയുന്നു. 

മുഴക്കത്തോടെയുള്ള വലിയ ശബ്ദം കേട്ടുവെന്നാണ് പ്രദേശത്തെ കടയുടമ പറയുന്നത്. കടയുടെ ടിന്‍ ഷീറ്റുകള്‍ നന്നായി വിറച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കുറഞ്ഞ സെക്കന്‍റുകളേ അതുണ്ടായുള്ളൂ. എനിക്ക് തോന്നിയതാണെന്നാണ് കരുതിയത്. ഉടന്‍ തന്നെ അടുത്തുള്ള കടക്കാരും ഓടി വന്ന് സമാനമായ അനുഭവം ഉണ്ടായതായി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഏകദേശം പത്ത് പത്തോടെയാണ് ശബ്ദമുണ്ടായത്. വീട്ടിലെ ജനലൊക്കെ കടകടാന്ന് വിറച്ചു. പെട്ടെന്ന് തന്നെ നിന്നുവെന്ന് മറ്റൊരാളും വെളിപ്പെടുത്തി. വയനാട്ടിലെ അമ്പലവയല്‍,  കുറിച്യർമല, മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ, നെന്മേനിയിലെ അമ്പുകുത്തി, സുഗന്ധഗിരി, സേട്ടുക്കുന്ന് , വെങ്ങപ്പള്ളി കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ പ്രദേശങ്ങളിലാണ് ചെറുചലനമുണ്ടായെന്ന് നാട്ടുകാര്‍ പറയുന്നത്. 

ENGLISH SUMMARY:

Following reports of tremors and minor shakes similar to an earthquake in Wayanad, residents have expressed their fear.