വയനാട്ടില്‍ പ്രകമ്പനമുണ്ടായ അതേ സമയത്ത് കോഴിക്കോടും പാലക്കാടും പ്രകമ്പനമുണ്ടായെന്ന് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയില്‍ കൂടരഞ്ഞി, മുക്കം, കുറ്റ്യാടി എന്നിവിടങ്ങളിലായി ഭൂമിക്കടിയില്‍ നിന്ന് മുഴക്കമുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടരഞ്ഞിയില്‍ നിന്നാണ് ആദ്യം പ്രകമ്പനമുണ്ടായ വാര്‍ത്ത പുറത്തുവന്നത്. ഇടിമുഴക്കത്തെക്കാള്‍ വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികളായ മൂന്ന് കുടുംബങ്ങള്‍ വെളിപ്പെടുത്തി. ചെറിയ പ്രകമ്പനം അനുഭവപ്പെട്ടു. പിന്നാലെ വീട്ടിലെ ജനല്‍ ചില്ലുകള്‍ ഇളകി.
വിവരമറിയിച്ചതിനെ തുടര്‍ന്ന് താമരശേരി തഹസില്‍ദാര്‍ അടക്കമുള്ളര്‍ കൂടരഞ്ഞിയിലെത്തി പരിശോധന നടത്തി. വയനാടിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് കൂടരഞ്ഞി.കൂടരഞ്ഞി കഴിഞ്ഞാല്‍ താമരശേരി ചുരമാണ്. ഏകദേശം 70 കിലോ മീറ്ററാണ് വയനാട്ടില്‍ പ്രകമ്പനമണ്ടായ അമ്പലവയലും കൂടരഞ്ഞിയും തമ്മിലുള്ള ദൂരം.
കൂടരഞ്ഞിക്ക് പിന്നാലെ മുക്കം മണാശേരിയിലും കുറ്റ്യാടി കാവിലംപാറയിലും സമാനമായ അനുഭവമുണ്ടാതായി നാട്ടുകാര്‍ പറഞ്ഞു. ഭൂമിക്കടിയില്‍ നിന്നും സ്ഫോടനം പോലെ മുഴങ്ങുന്ന ശബ്ദം കേട്ടു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എല്ലായിടങ്ങളിലും രാവിലെ 10 നും 10.30 നും ഇടയിലാണ് ശബ്ദം കേട്ടത്.വാട്സ്സാപ് ഗ്രൂപ്പുകളിലൂടെ പരസ്പരം വിവരം പങ്കു വെച്ചപ്പോഴാണ് എല്ലാവര്‍ക്കും സമാന അനുഭവമുണ്ടെന്ന് മനസിലായതെന്നും നാട്ടുകാര്‍ പറയുന്നു. പരിസ്ഥിതി ലോല പ്രദേശങ്ങളാണ് കൂടരഞ്ഞിയും കാവിലംപാറയും പരിസരവും.
പാലക്കാട് അലനല്ലൂര്‍, തൃത്താല മേഖലകളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദം കേട്ടത്. മൂന്നു പേരാണ് ജനല്‍ കുലുങ്ങിയെന്നും ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടെന്നും പറഞ്ഞ് രംഗത്ത് വന്നത്. എന്നാല്‍ സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളില്ല എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ശബ്ദത്തിന്‍റെ കാരണമെന്താണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ വിശദമായ പരിശോധനകളും പഠനങ്ങളും നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.