വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെയും മകന്‍റെയും മരണത്തിൽ പ്രതിരോധത്തിലായ ഐ.സി ബാലകൃഷ്ണന് പിന്തുണയുമായി ജില്ലാ കോൺഗ്രസ് നേതൃത്വം. ഐ.സി.ബാലകൃഷ്ണനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ടി.സിദ്ധിക്ക് എംഎൽഎ പറഞ്ഞു. മരണ കാരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.സി.ബാലകൃഷ്ണൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതിയും നൽകി.
എൻ.എം വിജയന്റെയും മകന്‍റെയും മരണത്തിൽ പ്രതിരോധത്തിലായ ഐ.സി ബാലകൃഷ്ണനെ കൈവിടാതെയായിരുന്നു ജില്ലാ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്. ഐ.സി ബാലകൃഷ്ണനെ രാഷ്ട്രീയമായി തകർക്കാനാണ് ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസ് പ്രതിരോധിക്കുമെന്നും, കെപിസിസി മുമ്പ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാർക്കൊപ്പം ആണ് ഐ.സിബാലകൃഷ്ണൻ ഉറച്ചുനിന്നു സണ്ണി ജോസഫ് പറഞ്ഞു. എൻ.എം വിജയന്റെ മരണത്തിൽ പാർട്ടി അന്വേഷണം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ വ്യക്തമാക്കി.
അതിനിടെ രാവിലെ വിശാല നേതൃയോഗവും ഡിസിസി വിളിച്ചെങ്കിലും കെപിസിസി നേതൃത്വം ഇടപെട്ട തടഞ്ഞിരുന്നു. സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന 12 കോൺഗ്രസ് നേതാക്കൾ യോഗം ചേർന്നു തുടർ നീക്കങ്ങൾ ചർച്ച ചെയ്തു. പുറത്തുവന്ന രേഖകൾ കൃത്രിമവും വ്യാജവുമെന്ന് ഐ.സി.ബാലകൃഷ്ണൻ ജില്ലാ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. ഐ.സി.ബാലകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് സുൽത്താൻബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.