c-shukkar-high-court

വയനാട് ദുരന്തത്തിൻറെ പേരിൽ ഫണ്ടുശേഖരണം തടയണമെന്ന  ഹർജി തള്ളി.  കാൽലക്ഷം രൂപ പിഴയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്കടയ്ക്കാൻ ഹൈക്കോടതി  നിർദേശിച്ചതിന് പിന്നാലെ തെളിവു ഹാജരാക്കാനായില്ലെന്ന ഹർജിക്കാരൻ സി ഷുക്കൂറിൻറെ ന്യായീകരണം. അധികൃതരെ സമീപിക്കാതെ നേരിട്ട് കോടതിയിൽ പോയതും ഹർജി തള്ളാൻകാരണമായി. ഹർജിയുടെ മേൽ ആരോഗ്യകരമായ ചർച്ച നടന്നു എന്നത് ആശ്വാസകരമാണ് . ക്ലൗഡ് ഫണ്ടിങ്ങിൽ നിരീക്ഷണം വേണമെന്ന ആവശ്യം ബന്ധപ്പെട്ട അധികൃതർ മുമ്പാകെ സമർപ്പിക്കുമെന്നും  ചലച്ചിത്രതാരം കൂടിയായ സി ഷുക്കൂർ ഫേസ് ബുക്കിൽ കുറിച്ചു 

ഹർജിയിൽ പൊതുതാൽപര്യം എന്തെന്നു ചോദിച്ചാണ് കോടതി പിഴയടക്കം ചുമത്തി ഹർജി തള്ളിയത്. ഹർജി പബ്ലിസിറ്റി സ്റ്റണ്ടാണെന്നും കോടതി വിമർശിച്ചിരുന്നു. വയനാട് ദുരന്തത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും മറ്റും പൂർ‍ണമായി സർക്കാരിന്റെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഷുക്കൂറിന്റെ ഹർജി. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം,

ബഹു ഹൈക്കോടതി ഇന്നലെ സമർപ്പിച്ച പൊതു താൽപര്യ ഹർജി തീർപ്പാക്കിയിട്ടുണ്ട്.

അഥവാ തള്ളിയിട്ടുണ്ട്.

രണ്ട് കാരണങ്ങൾ നീരീക്ഷിച്ചു എന്നാണ് എന്റെ അഭിഭാഷകനിൽ നിന്നും മനസ്സിലാക്കിയത്.

ഒന്നു .

മറ്റു അധികാരികളെ സമീപിക്കാതെ നേരിട്ടു കോടതിയെ സമീപിച്ചു.

രണ്ടു :

ഫണ്ടു ദുരുപയോഗം ചെയ്തതിനു തെളിവുകൾ ഹാജരാക്കുവാൻ സാധിച്ചിട്ടില്ല.

ഇന്നലെ ഫയൽ ചെയ്തതു മുതൽ സജ്ജീവമായ ചർച്ച ഈ വിഷയത്തിൽ നടന്നു എന്നതു തന്നെ ഒരു പോസിറ്റിവ് കാര്യമായി ഞാൻ കാണുന്നു.

ഇത്തരം ഫണ്ടുകൾ(Crowd ഫണ്ട് പിരിക്കുന്നതിൽ ) മോണിറ്ററിംഗ് വേണമെന്ന എന്റെ ആവശ്യം ബന്ധപ്പെട്ട അധികാരികൾക്ക് മുമ്പിൽ സമർപ്പിക്കും.

ദുരിതാശ്വാസ നിധിയിൽ ഞാൻ പണം നൽകിയിട്ടുണ്ട്. ഈ ഹർജി സമർപ്പിച്ച നിലയിൽ വീണ്ടും പണം നൽകുവാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

അതു നൽകുന്നതിൽ എനിക്കു സന്തോഷമേ ഉളൂ.

പോരാട്ടം തുടരും

പിന്തുണ വേണം.

ബഹു കോടതിയോട് ആദരവ്.